കനയ്യയും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ: വരവേറ്റ് രാഹുൽ ഗാന്ധി

Published : Sep 28, 2021, 05:25 PM ISTUpdated : Sep 28, 2021, 05:28 PM IST
കനയ്യയും ജിഗ്നേഷ് മേവാനിയും കോൺ​ഗ്രസിൽ: വരവേറ്റ് രാഹുൽ ഗാന്ധി

Synopsis

മുതി‍ർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ർച്ചയായ പലായനത്തിൽ വലഞ്ഞ കോൺ​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്. 

ദില്ലി: ഇടതുപക്ഷത്തിൻ്റെ ഭാവിവാ​ഗ്ദാനമായി വാഴ്ത്തപ്പെട്ട കനയ്യകുമാർ (Kanhaiya Kumar) ഇനി കോൺ​ഗ്രസിൽ. വൈകിട്ട് നാല് മണിയോടെ രാഹുൽ ​ഗാന്ധിക്കൊപ്പം (rahul gandhi) ദില്ലി ഐടിഒയിലെ ഭ​ഗത് സിം​ഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാ‍ർച്ചന നടത്തിയ ശേഷമാണ് കനയ്യകുമാർ തുട‍ർന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോൺ​ഗ്രസിൽ ചേർന്നത്. 

കനയ്യകുമാറിനൊപ്പം ​എഐസിസി ആസ്ഥനത്ത് എത്തിയ ​ഗുജറാത്തിലെ ദളിത് നേതാവ് ജി​ഗ്നേഷ് മേവാനിയും ( Jignesh Mewani) പാ‍ർട്ടിയോട് ഐക്യദാ‍ർഢ്യം പ്രഖ്യാപിച്ചു. നിലവിൽ ​ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎൽഎയായ ജി​ഗ്നേഷ് മേവാനിക്ക് പാ‍ർട്ടി അം​ഗത്വം സ്വീകരിക്കാൻ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കോൺ​ഗ്രസ് സഹയാത്രികനായി പ്രവർത്തിക്കും. 

കനയ്യകുമാറിനേയും ജി​ഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി. ഇതിന് മുൻപായി ഇരുവരും രാഹുൽ ​ഗാന്ധിക്കൊപ്പം ഭ​ഗത് സിം​ഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.  പിന്നീട് എഐസിസി ജനറൽ സെക്രട്ടറിമാരായ രൺദീപ് സു‍ർജെവാല എന്നിവ‍ർക്കൊപ്പം ഇരുവരും മാധ്യമങ്ങളെ കാണാനെത്തി. 

മുതി‍ർന്ന നേതാക്കളുടേയും യുവനേതാക്കളുടേയും ബിജെപിയിലേക്കുള്ള തുട‍ർച്ചയായ പലായനത്തിൽ വലഞ്ഞ കോൺ​ഗ്രസ് ക്യാംപിന് വലിയ ആവേശവും ആത്മവിശ്വാസവും നൽകുന്നതാണ് കനയ്യകുമാറിൻ്റേയും ജി​ഗ്നേഷ് മേവാനിയുടേയും വരവ്. അതേസമയം യുവനേതാക്കൾ പാ‍ർട്ടിയിൽ ചേരുന്നതിന് തൊട്ടുമുൻപായി പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിം​ഗ് സിദ്ദു പദവിയിൽനിന്നും രാജിവച്ചത് കോൺ​ഗ്രസിന് തിരിച്ചടിയായി. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് പല വിഷയങ്ങളില്‍ സിപിഐയുമായി കൊമ്പുകോര്‍ത്ത കനയ്യകുമാറിന് പാർട്ടിയിൽ നിന്നും പരസ്യ ശാസന ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏറെനാളായി തുടരുന്ന അഭിപ്രായഭിന്നതയ്ക്കൊടുവിൽ കനയ്യ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് അനുനയിപ്പിക്കാനെത്തിയ പാര്‍ട്ടി നേതാക്കൾക്ക് മുന്നില്‍ നടപ്പാകില്ലെന്നറുപ്പുള്ള നിരവധി ഉപാധികള്‍ അദ്ദേഹം വച്ചിരുന്നു. ബിഹാര്‍ സംസ്ഥാന സെക്രട്ടറിയാക്കണം, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അവയില്‍ ചിലത് മാത്രം. 

കനയ്യയെ നിലനിര്‍ത്തുന്നതില്‍ ബിഹാര്‍ ഘടകത്തിന് താല്‍പര്യമില്ലായിരുന്നെങ്കിലും കേരള ഘടത്തിന്‍റേതടക്കം സമ്മര്‍ദ്ദത്തിലാണ് ദേശീയ നേതൃത്വം അനുനയത്തിന് ഇറങ്ങിയത്. അഭ്യൂഹങ്ങള്‍ നിഷേധിച്ച് വാര്‍ത്ത സമ്മേളനം നടത്തണമെന്ന ആവശ്യവും, എല്ലാ പ്രശ്നങ്ങളും വരുന്ന രണ്ടിന് ചേരുന്ന കൗണ്‍സില്‍ ചര്‍ച്ചചെയ്യാമെന്ന ഉറപ്പും തള്ളിയാണ് കനയ്യ സിപിഐയുടെ പടി ഇറങ്ങുന്നത്. അതേ സമയം കനയ്യുടെ വരവ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കനയ്യയെ ഇറക്കി വിളവ് കൊയ്യാമെന്നാണ് പാര്‍ട്ടിയുടെ  പ്രതീക്ഷ.

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം