Latest Videos

കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്; അനുയായികൾക്കൊപ്പം ചൊവ്വാഴ്ച പാർട്ടി പ്രവേശനം

By Web TeamFirst Published Sep 25, 2021, 2:17 PM IST
Highlights

ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും.

​ദില്ലി: കനയ്യ കുമാറും ( Kanhaiya Kumar )ജിഗ്നേഷ് മേവാനിയും ( Jignesh Mevani) ചൊവ്വാഴ്ച കോൺഗ്രസിൽ ചേരും. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാർട്ടിയുടെ ഭാഗമാകുന്നത്. ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. സിപിഐ വിട്ട് കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി കനയ്യകുമാർ കഴിഞ്ഞ ചർച്ച നടത്തിയിരുന്നു.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ, കനയ്യകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ  തന്നെ രംഗത്തെത്തിയിരുന്നു. ബിഹാര്‍ ഘടകവുമായി യോജിച്ച് പോകാനാവില്ലെന്ന  കനയ്യയുടെ നിലപാട് പരിശോധിക്കാമെന്നല്ലാതെ പരിഹാര നിര്‍ദ്ദേശങ്ങളൊന്നും  രാജ മുന്‍പോട്ട് വച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല പാര്‍ട്ടിയില്‍ കനയ്യയെ പിടിച്ചുനിര്‍ത്തണമെന്ന ആവശ്യം ബിഹാര്‍ ഘടകം ആവശ്യപ്പെട്ടിട്ടുമില്ല. അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലില്‍ കേരള ഘടകം മാത്രമാണ് കനയ്യയ്ക്ക് വേണ്ടി വാദിച്ചത്.

click me!