
ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്താൻ രാജ്യസഭാ എം പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചു. ഖമനേയി വധത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കേണ്ടത് വൻനാശമുണ്ടാക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചല്ലെന്നും മറിച്ച് ചർച്ചകളിലൂടെയാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള തലത്തിൽ സമാധാനം നിലനിർത്തേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കെട്ടിപ്പടുത്ത സമാധാനത്തിലൂന്നിയ ആഗോള ക്രമം കഴിഞ്ഞ കുറച്ച് വർഷങ്ങളായി തകരുകയാണെന്ന് സിബൽ ആശങ്ക പ്രകടിപ്പിച്ചു. നിലവിലെ സാഹചര്യം ആഗോള സമാധാനത്തിന് ഗുണകരമല്ല. കരുത്തുള്ള രാജ്യങ്ങളുടെ നിയമം അല്ലെങ്കിൽ കാട്ടുനീതി മറ്റ് രാജ്യങ്ങൾക്കെതിരെ നടപ്പിലാക്കുന്ന ഒരു അവസ്ഥയിലേക്ക് ലോകം മാറാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജ്യങ്ങൾ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തണമെന്നും ലോകസമാധാനം നിലനിർത്തണമെന്നും സിബൽ ആവശ്യപ്പെട്ടു.
അതേസമയം ഖമനേയിയുടെ വധത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ വിദേശനയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും ഇന്നലെ കപിൽ സിബൽ രൂക്ഷമായി വിമർശിച്ചിരുന്നു. തന്ത്രപ്രധാന സുഹൃത്തായ ഇറാന്റെ തകർച്ചയിൽ ഇന്ത്യ പുലർത്തുന്ന മൗനം രാജ്യതാൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മുൻ പ്രധാനമന്ത്രിമാരായ നെഹ്‌റുവും മൻമോഹൻ സിംഗും ഉയർത്തിപ്പിടിച്ച നയതന്ത്ര മൂല്യങ്ങൾ മോദി ഭരണത്തിൽ കൈമോശം വന്നതായും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കൻ ആക്രമണത്തിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാന്റെ യുദ്ധക്കപ്പൽ തകർക്കപ്പെട്ടപ്പോൾ പോലും പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെയും സിബൽ വിമർശിച്ചു. ഇസ്രായേൽ സന്ദർശന വേളയിൽ ഖമനേയിയുടെ വധത്തെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നോ എന്ന് വ്യക്തമാക്കണമെന്നും, താൽക്കാലിക നേട്ടങ്ങൾക്കായി ചാബഹാർ തുറമുഖം പോലുള്ള പദ്ധതികളിൽ നിന്ന് പിന്മാറുന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ പരാജയമാണെന്നും സിബൽ ചൂണ്ടിക്കാട്ടിയിരുന്നു. ചർച്ചകൾക്ക് പകരം ട്രംപിനെപ്പോലെ ഏകപക്ഷീയമായ തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഭരണാധികാരികളുടെ സമീപനം ആഗോള ക്രമത്തിന് ഭീഷണിയാണെന്നും സിബൽ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam