സംഭവം അവിടെ കൊണ്ട് അവസാനിച്ചുവെന്ന് ആശ്വസിച്ച് വീട്ടിലെത്തിയ പ്രഭു ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെ സുഹൃത്തിനെ സ്വപ്നം കാണുകയായിരുന്നു

ഡോംബിവലി: കൊലപ്പെടുത്തിയ കൂട്ടുകാരൻ സ്വപ്നത്തിലെത്തുന്നു. 20 ദിവസമായി ഉറക്കം നഷ്ടമായതിന് പിന്നാലെ ഉറ്റ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുംബൈ ഡോംബിവലിയിലാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ പ്രഭു കാരകാഡേ എന്നയാളാണ് ഉറ്റസുഹൃത്തായ വിശാലിനെ അടിച്ചുകൊന്നത്. മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചയാളും പിടിയിലായി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒക്ടോബർ 9നായിരുന്നു കൊലപാതകം നടന്നത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ക്ഷുഭിതനായാണ് പ്രഭു വിശാലിനെ ആക്രമിച്ചത്. വിശാൽ മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ ഭയന്നുപോയ യുവാവ് വീട്ടുടമയുടെ സഹായം തേടുകയായിരുന്നു. ഇവർ രണ്ടുപേരും ചേർന്ന് വിശാലിന്റെ മൃതദേഹം ചാക്കിൽ കെട്ടി മലയിടുക്കിൽ കൊണ്ടുകള്ളുകയായിരുന്നു. സംഭവം അവിടെ കൊണ്ട് അവസാനിച്ചുവെന്ന് ആശ്വസിച്ച് വീട്ടിലെത്തിയ പ്രഭു ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെ സുഹൃത്തിനെ സ്വപ്നം കാണുകയായിരുന്നു. 20 ദിവസത്തോളമായി ഉറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിനെ തെളിവ് നശിപ്പിക്കാൻ സഹായിച്ച വീട്ടുടമയും അറസ്റ്റിലായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം