
തിരുവനന്തപുരം : കാർഗിൽ രക്തസാക്ഷി ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്. കാർഗിൽ വിജയ് ദിവസ് ആചരണത്തിന്റെ ഭാഗമായി പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വെള്ളത്തിനടിയിൽ സ്ഥാപിച്ച ഛായാചിത്രത്തിനാണ് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ലഭിച്ചത്. ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷും ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമും ചേർന്നാണ് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രം ഒരുക്കിയത്.
യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അധികൃതർ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ടൈലുകൾ ഉപയോഗിച്ച് സൃഷ്ടിച്ച 1500 ചതുരശ്ര അടി വിസ്തീർണമുള്ള, വെള്ളത്തിനടിയിലെ ഛായാചിത്രം എട്ട് മണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്. സൈനിക ബാൻഡ് ഡിസ്‌പ്ലേയും നടന്നു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പാങ്ങോട് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധ നായകന്മാർക്ക് പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
എല്ലാ മഞ്ഞുകാലത്തും ഇന്തോ-പാക് നിയന്ത്രണരേഖ ഒഴിച്ചിടാറാണ് പതിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണയാണ് ആ സമയത്ത് ആക്രമിക്കില്ല എന്നത്. ആ സമയത്ത് ഇന്ത്യന്‍ സൈനിക പോസ്റ്റും ശൂന്യമായിരിക്കും. അവിടെയായിരുന്നു പാകിസ്ഥാന്റെ മറ്റൊരു വിശ്വാസ വഞ്ചന. അവിടേക്ക് പാക് സൈനികര്‍ മുജാഹിദീനുകളുടെ വേഷത്തില്‍ നുഴഞ്ഞു കയറി. ഈ കാഴ്ച കണ്ടത് ഒരു ആട്ടിടയന്‍ തന്‍റെ ബൈനോക്കുലറിലൂടെ. പാക് സൈനികര്‍ ആ ഉയരങ്ങളില്‍ അപ്പോള്‍ ബങ്കറുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, ആദ്യം അപ്രതീക്ഷിത നീക്കത്തില്‍ പകച്ച് പോയി എങ്കിലും ഉടനെ തന്നെ ഇന്ത്യന്‍ കരസേനയും വായുസേനയും ചേര്‍ന്ന് സംയുക്താക്രമണം നടത്തി. കൊടുംമഞ്ഞിൽ നടന്ന ആ യുദ്ധത്തിനൊടുവിൽ കാര്‍ഗില്‍ മലനിരകള്‍ നാം തിരിച്ചു പിടിച്ചു.
72 ദിവസത്തോളം നീണ്ട പോരാട്ടത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത് 527 ജവാന്മാരാണ്. 1999 ജൂലൈ 14ന് ഇന്ത്യ പാക്കിസ്ഥാന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വന്നു. രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കാർഗിലിലെ യുദ്ധവിജയം. ഇരുപത്തിമൂന്ന് വർഷങ്ങൾക്കിപ്പുറം ധീരസൈനികരുടെ ഓർമ പുതുക്കുകയാണ് രാജ്യം ഈ ദിവസം.