രോഗവ്യാപനത്തിനിടയിലും ആരാധനാലയങ്ങൾ ജൂൺ 1 മുതൽ തുറക്കാനൊരുങ്ങി കർണാടക

By Web TeamFirst Published May 27, 2020, 1:01 PM IST
Highlights

ആളുകൾ കൂട്ടം കൂടുന്ന ഏത് ഇടവും അടച്ചിടാനാണ് കേന്ദ്രസർക്കാരിന്‍റെ നിർദേശം. നാലാം ഘട്ടം ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ കർണാടകയിൽ ആരാധനാലയങ്ങൾ തുറക്കാനുള്ള നീക്കം നടത്തുകയാണ് കർണാടക.

ബെംഗളുരു: കർണാടകയിൽ ആരാധനാലയങ്ങൾ ജൂൺ 1-ന് തുറന്നേക്കും. നാലാം ലോക്ക്ഡൗൺ അവസാനിപ്പിച്ച ശേഷം അഞ്ചാം ലോക്ക്ഡൗണിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാണ് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്.

സർക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കാനാണ് സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. ഇതിനായി പ്രത്യേക മാർഗനിർദേശം ഇറക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. നാളെയാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ കർണാടക മന്ത്രിസഭായോഗം ചേരുന്നത്. 

ക്ഷേത്രങ്ങൾ, പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മറ്റ് ആരാധനാസ്ഥലങ്ങൾ എന്നിവ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കൊവിഡ് രോഗവ്യാപനം ഇന്ത്യയിൽ കുതിച്ചുയരുമ്പോഴും ആരാധനാലയങ്ങൾ തുറക്കാൻ ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് ബി എസ് യെദിയൂരപ്പ. 

''ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അനുമതി കിട്ടിയാൽ ജൂൺ 1 മുതൽ ആരാധനാലയങ്ങൾ തുറക്കാനായേക്കും'', എന്ന് ബി എസ് യെദിയൂരപ്പ. 

മാർച്ച് 22- മുതൽ രാജ്യത്ത് ആരാധനാലയങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്ന ഏത് ഇടവും അടച്ചിടാനാണ് കേന്ദ്രസർക്കാരിന്‍റെ നിർദേശം. അതിന്‍റെ ഭാഗമായാണ്, അവശ്യസർവീസുകളിൽ ഏറ്റവുമൊടുവിൽ വരുന്ന സിനിമാ തീയറ്ററുകളും ആരാധനാലയങ്ങളുമെല്ലാം അടച്ചിടാൻ കേന്ദ്രസർക്കാർ നാലാം ലോക്ക്ഡൗണിലും തീരുമാനിച്ചത്. രോഗികളുടെ എണ്ണം കുതിച്ച് കയറുന്ന സാഹചര്യത്തിൽ അഞ്ചാമതും ലോക്ക്ഡൗണുണ്ടാകുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. അപ്പോഴും ഈ നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് സാധ്യത. 

ബിജെപി ഭരിക്കുന്ന ക‍ർണാടക, പുതിയ ലോക്ക്ഡൗൺ മാ‍ർഗനിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് വ്യക്തമാക്കുന്നത്. ജൂണിൽ ക്ഷേത്രങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷയെന്ന് കർണാടക മന്ത്രിയായ കോട്ട ശ്രീനിവാസ് റെഡ്ഡി പറഞ്ഞിരുന്നു. സാമൂഹ്യാകലം പാലിച്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താമെന്നാണ് മന്ത്രിയുടെ പക്ഷം.

click me!