
ബെംഗലൂരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച് ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം. ഇതിനായി ഉന്നതതല സമിതി രൂപീകരിക്കുമെന്നും ആ സമിതിയുടെ നിർദേശപ്രകാരമാകും തുടർ തീരുമാനങ്ങളെന്നും പ്രകടന പത്രിക പറയുന്നു.
പതിനഞ്ച് ഇന വാഗ്ദാനങ്ങൾ അടങ്ങിയ പ്രകടനപത്രിക ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ബംഗളൂരുവിൽ പുറത്തിറക്കി. ബിപിഎൽ കുടുംബങ്ങളെ ലക്ഷ്യമിട്ടും നിരവധി വാഗ്ദാനങ്ങൾ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകുമെന്നും മാസം തോറും 5 കിലോ സിരിധാന്യം സൗജന്യമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. പോഷണ എന്നായിരിക്കും ഈ പദ്ധതിയുടെ പേര്.
സ്‌കൂളുകൾക്കും കോളേജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതിയും ബിജെപി വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടുന്ന, അടൽ ആഹാര കേന്ദ്രകൾ, എല്ലാ വാർഡിലും നമ്മ ക്ലിനിക് എന്നിവ സ്ഥാപിക്കുമെന്നും മുതിർന്ന പൗരന്മാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് നൽകുമെന്നും പ്രകടന പത്രിക പറയുന്നു.