ഇന്ദിരയെ 'കൈ'പിടിച്ചുയർത്തി, സോണിയക്ക് താങ്ങായി, 'പുതിയ' രാഹുലിന് മോടിയേകി; കന്നട നാട്ടിലെ കോൺഗ്രസ് പെരുമ!

Published : May 13, 2023, 10:10 PM ISTUpdated : May 13, 2023, 10:14 PM IST
ഇന്ദിരയെ 'കൈ'പിടിച്ചുയർത്തി, സോണിയക്ക് താങ്ങായി, 'പുതിയ' രാഹുലിന് മോടിയേകി; കന്നട നാട്ടിലെ കോൺഗ്രസ് പെരുമ!

Synopsis

'ആ രാഹുൽ ​ഗാന്ധി മരിച്ചു, ഞാന്‍ കൊന്നു', ഭാരത് ജോഡോ യാത്രക്കിടെ പ്രതിച്ഛായ സംബന്ധിച്ച ചോദ്യങ്ങളോട് രാഹുൽ ഗാന്ധി ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു

'ആ രാഹുൽ ​ഗാന്ധി മരിച്ചു, ഞാന്‍ കൊന്നു', ഭാരത് ജോഡോ യാത്രക്കിടെ പ്രതിച്ഛായ സംബന്ധിച്ച ചോദ്യങ്ങളോട് രാഹുൽ ഗാന്ധി ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. മാസങ്ങൾക്കിപ്പുറം കന്നഡ നാട്ടിൽ ബി ജെ പി ഭരണം തൂത്തെറിഞ്ഞ് കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമ്പോൾ, രാഹുൽ ഗാന്ധിയുടെ ആത്മവിശ്വാസത്തിനും വിജയ മധുരത്തിൽ വലിയ റോളുണ്ട്. സംസ്ഥാന നേതാക്കൾക്കും ദേശീയ അധ്യക്ഷൻ ഖ‍ർഗെക്കുമൊപ്പം രാഹുലും സംസ്ഥാനത്ത് നിറഞ്ഞുനിന്ന് പ്രവർത്തിച്ചിരുന്നു. ദേശീയ രാഷ്ട്രീയം വലിയ അളവിൽ സംസ്ഥാനത്ത് ചർച്ചയാക്കിയതും മറ്റാരുമല്ല. പാർലമെന്‍റ് അംഗത്വം നഷ്ടമാക്കിയ മോദി പരാമർശം നടത്തിയ കോലാറിലേക്കാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. എന്ത് തെറ്റാണ് ഞാൻ ചെയ്തതെന്ന് ചോദിച്ച രാഹുൽ കന്നട നാടിന്‍റെ മനസിലെ യഥാർത്ഥ കോൺഗ്രസ് വികാരവും ഉണർത്തി. പ്രതിസന്ധി ഘട്ടത്തിൽ ഇന്ദിര ഗാന്ധിയെ കൈപിടിച്ചുയർത്തിയ, വെല്ലുവിളികളുടെ കാലത്ത് സോണിയ ഗാന്ധിക്ക് താങ്ങായിമാറിയ കന്നഡ ജനത, നിർണായക ഘട്ടത്തിൽ രാഹുൽ ഗാന്ധിക്ക് നൽകിയതും അതേ സ്നേഹവും കരുതലും പുതു ജന്മവുമാണെന്ന് പറയേണ്ടിവരും.

വെറുപ്പിന്‍റെ കമ്പോളമടപ്പിക്കാൻ അയാൾ നടന്നത് 51 മണ്ഡലങ്ങളിൽ, റാലികൾ 22! അവിടെ സംഭവിച്ചത് വിവരിച്ച് ഷാഫി

സ്വന്തം റായ്ബറേലി 'കൈ' വിട്ട ഇന്ദിര ഗാന്ധിയെ 'കൈ' പിടിച്ചുയർത്തിയ കന്നഡ ജനത

അടിയന്തരാവസ്ഥയുടെ അനന്തരഫലമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വമ്പൻ തിരിച്ചടിയേറ്റ ഇന്ദിര ഗാന്ധിയെയും കോൺഗ്രസിനെയും തിരിച്ചുകൊണ്ടുവരുന്നതിൽ ഏറെ നിർണായകമായിരുന്നു കന്നഡ ജനതയുടെ മനസ്. അടിയന്തരാവസ്ഥക്ക് പിന്നാലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു. എന്നാൽ കോൺഗ്രസിനെ കർണാടക ജനത കൈവിട്ടില്ല. അടിയന്തരവാസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയം നേടിയ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്ന് കർണാടകയായിരുന്നു. റായ്ബറേലിയിലടക്കം തോറ്റമ്പിയ ഇന്ദിര, ഒരു തിരിച്ചുവരവിന് പട കൂട്ടിയപ്പോൾ ആദ്യം കണ്ണുവച്ചതും കർണാടകയായിരുന്നു. ചിക്കമംഗളുരുവിലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയെ ഇരു കൈയും നീട്ടി ഏറ്റെടുക്കുയായിരുന്നു കന്നഡ നാട്. ആ വിജയം ഇന്ദിരക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

സോണിയ ഗാന്ധിക്ക് തണലേകിയ ബെല്ലാരി

കോൺഗ്രസ് രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ഏറ്റവും നി‍ർണായകമായ സാഹചര്യത്തിൽ സോണിയ ഗാന്ധിയും തേടിയെത്തിയത് കന്നട നാടിന്‍റെ സ്നേഹമായിരുന്നു. 1999 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠിക്കൊപ്പമാണ് സോണിയ കർണാടകയിലെ ബെല്ലാരിയിലും പോരിനിറങ്ങിയത്. പാ‍ർട്ടിയിലെ പ്രശ്നങ്ങൾ ഗാന്ധി കുടുംബത്തിന്‍റെ തട്ടകമായ അമേഠിയിലും പ്രതിഫലിക്കുമോ എന്ന ഭയം സോണിയക്കും കോൺഗ്രസ് നേതൃത്വത്തിനുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സുരക്ഷിതമായ മറ്റൊരു മണ്ഡലം കൂടി നേതൃത്വത്തിന്‍റെ പരിഗണനയിലെത്തി. സോണിയക്കും കോൺഗ്രസിനും കർണാടക തെരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. വെല്ലുവിളിയുമായി സുഷമ സ്വരാജ് എത്തിയെങ്കിലും സോണിയക്ക് മിന്നുന്ന ജയമാണ് ബെല്ലാരി ജനത കരുതിവച്ചത്. എന്നാൽ അമേഠിയിലും ജയിച്ചതോടെ സോണിയ ബെല്ലാരിയിലെ ലോക്സഭ അംഗത്വം രാജിവച്ചു.

'പുതിയ' രാഹുലിന് സ്നേഹത്തിന്‍റെ കമ്പോളം തുറന്നുകൊടുത്തു

രാഹുൽ ഗാന്ധിയെ സംബന്ധിച്ച് ഏറ്റവും നിർണായകമായൊരു ഘട്ടത്തിലായിരുന്നു കർണാടക തെരഞ്ഞെടുപ്പ് എത്തിയത്. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കർണാടകയിലെ കോലാറിലെ 'എല്ലാ കള്ളന്മാരുടെയും പേര് മോദി' എന്ന പരാമാർശത്തെത്തുടർന്ന് ലോക്സഭ അംഗത്വം പോലും നഷ്ടമായ രാഹുലിനെ സംബന്ധിച്ചടുത്തോളെ വിജയം അനിവാര്യമായിരുന്നു. ആദ്യം തന്നെ കോലാറിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് വിമർശിച്ചാണ് രാഹുൽ തുടങ്ങിയത്. സംസ്ഥാനത്തെ നേതാക്കൾക്കൊപ്പം തെരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ സജീവമായി. ഓരോ റാലികളിലും ജനക്കൂട്ടം ഒഴുകിയെത്തി രാഹുലിനോടുള്ള സ്നേഹം പ്രകടമാക്കി. കർണാടകയിൽ കോൺഗ്രസിന് ത്രസിപ്പിക്കുന്ന വിജയവും അവർ കാത്തുവച്ചിരുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തിൽ രാഹുലിനെ അവർ നെഞ്ചേറ്റുകയായിരുന്നു. 'പുതിയ' രാഹുലിന് കർണാടകയിലെ വിജയം രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ നേതൃസ്ഥാനത്തേക്കുള്ള ഉറച്ച പാലമായി മാറുമോ എന്നതാണ് ഇനി കണ്ടറിയാനുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ