
കർണാടകത്തിൽ ബിജെപിയെ അടിയവറവ് പറയിച്ച് കോൺഗ്രസ് അധികാരം സ്വന്തമാക്കി. 226 അംഗ നിയമസഭയിൽ 137 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുത്തത്. സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുന്നിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും. അതേസമയം തെരഞ്ഞെടുപ്പിൽ കാര്യമായി സഹായിച്ച വൊക്കലിംഗ സമുദായത്തെയും കോൺഗ്രസ് പരിഗണിക്കും. ഈ സമുദായത്തിൽ നിന്നുള്ള ഒരാളെയും ഉപമുഖ്യമന്ത്രിയാക്കും. ഡികെ ശിവകുമാറിന് പ്രധാനപ്പെട്ട വകുപ്പുകൾ നൽകുമെന്നുമാണ് വിവരം.
കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ. പിന്തുണച്ചവർക്ക് നന്ദി. ബി ജെ പി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്നു. പോരാട്ടം നടത്തിയത് സ്നേഹത്തിന്റെ ഭാഷയിലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കും. സാധാരണക്കാരനൊപ്പം പാർട്ടിയുണ്ടാകുമെന്ന് രാഹുൽ വ്യക്തമാക്കി. എഐസിസി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് രാഹുൽ പ്രതികരണമറിയിച്ചത്.
ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ വിരുദ്ധ വികാരം അലയടിച്ച കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കുതിപ്പിൽ സി പി എമ്മിനും തിരിച്ചടി നേരിട്ടു. വൻ വിജയ പ്രതീക്ഷയോടെ മത്സരിച്ച ബാഗേപ്പള്ളിയിൽ സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വട്ടവും കൈവിട്ട മണ്ഡലത്തിൽ സിപിഎമ്മിന് ഇത്തവണ ജെഡിഎസ് പിന്തുണയായിരുന്നു പ്രതീക്ഷ. കെജിഎഫ് എന്നറിയപ്പെടുന്ന കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിലും സിപിഎം തിരിച്ചടി നേരിട്ടു. മത്സരിച്ച ഒരു മണ്ഡലത്തിലും സി പി എമ്മിന് ജയിക്കാനായില്ല.
6 കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ
കണ്ണൂർ ഇരിട്ടി അയ്യൻ കുന്നിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ. കളി തട്ടുംപാറയിലാണ് ഇന്നലെ രാത്രി സ്ത്രീ ഉൾപ്പെടെ അഞ്ചംഗ സായുധ സംഘം എത്തിയത്. മണ്ണുരാം പറമ്പിൽ ബിജുവിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ സാമഗ്രികൾ മേടിച്ച ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇരിട്ടി ഡി വൈ എസ് പി സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തേയും മാവോയിസ്റ്റുകൾ വീടുകളിലേക്ക് എത്തിയിട്ടുണ്ട്.
7 സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം!
കേരളത്തിൽ വിവിധയിടങ്ങിളിലും വ്യത്യസ്ത ദിവസങ്ങളിലുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടിമിന്നൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചതാണ് മറ്റൊരു വാർത്ത. 2023 മെയ് 13, 14 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 15 മുതൽ മെയ് 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ജാഗ്രതാ നിർദേശം.
8 വിമാനം കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ചു, യാത്രക്കാരന് സിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടതാണ് മറ്റൊരു വാർത്ത. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി. 16000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടത്. എട്ട് വര്‍ഷം മുമ്പുള്ള കേസിലാണ് സംഭവം. കൊച്ചി വെണ്ണല സ്വദേശി ടി ജി എന്‍ കുമാറിന്‍റെ പരാതിയിലാണ് നടപടി. 2015 ല്‍ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൗകര്യം ലഭ്യമായിരുന്നില്ല. കോഴിക്കോട് നിന്നുള്ള വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
തിരുവനന്തപുരത്ത് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. ആരോമൽ(12) ആണ് മരിച്ചത്. പാറശ്ശാല ഇഞ്ചിവിളയിൽ ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അപകടം നടന്നത്. മീൻ കയറ്റി വന്ന ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. എറണാകുളം കോതമംഗലത്ത് നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വിനോദ സഞ്ചാരികളുടെ ടെമ്പോ ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ലോറിയുമായാണ് ട്രാവലർ കൂട്ടിയിടിച്ചത്.
10 ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി മുങ്ങി, സേനയ്ക്ക് നാണക്കേടായി; പൊലീസുകാരന് സ്ഥലം മാറ്റം
പോത്തന്‍കോട് മാമ്പഴം വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയെന്ന പരാതില്‍ ആരോപണ വിധേയനായ പൊലീസുകാരന് സ്ഥലം മാറ്റം. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്. ഉന്നത ഉദ്യോഗസ്ഥർക്കു കൊടുക്കാൻ എന്ന പേരിലാണ് പൊലീസുകാരൻ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരില്‍ മാമ്പഴം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ച പൊലീസുകാരനെതിരെ അന്വേഷണം നടക്കുകയാണ്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് കടയുടമ ജി.മുരളീധരൻ നായരുടെ കടയിൽ നിന്നാണ് പൊലീസുകാരന്‍ കഴിഞ്ഞ മാസം 17-ന് 800 രൂപയ്ക്ക് അഞ്ചു കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഗിള്‍പേ വഴി പണം നല്‍കുമെന്ന് പറഞ്ഞായിരുന്നു രണ്ട് കവറിൽ മാങ്ങയുമായി പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam