Karnataka Anti Conversion Bill : മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക; സഭ ബഹിഷ്കരിച്ച് കോൺഗ്രസ് പ്രതിഷേധം

Web Desk   | Asianet News
Published : Dec 23, 2021, 05:41 PM ISTUpdated : Dec 23, 2021, 07:36 PM IST
Karnataka Anti Conversion Bill : മതപരിവർത്തന നിരോധനബില്ല് പാസാക്കി കർണാടക; സഭ ബഹിഷ്കരിച്ച് കോൺഗ്രസ് പ്രതിഷേധം

Synopsis

രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് സഭയിൽ പറഞ്ഞത്

ബെംഗളൂരു: പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലും കർണാടക മതപരിവർത്തന നിരോധനബില്ല് (Karnataka Anti-Conversion Bill) പാസാക്കി. മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്ന ബില്ല് സഭ (Karnataka Assembly) ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. ബില്ല് പാസാക്കൽ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. രണ്ട് ദിവസം നടന്ന ചർച്ചകൾക്കൊടുവിലാണ് ബില്ല് സഭ പാസാക്കിയത്.

വിവാദമായി മതപരിവര്‍ത്തന നിരോധന ബില്ല്; കര്‍ണാടക സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം

ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്നാണ് പ്രതിപക്ഷം ആദ്യം മുതലേ ആരോപിക്കുന്നത്. കോണ്‍ഗ്രസ് ജെ‍ഡിഎസ് അംഗങ്ങള്‍ ഇന്നലെ നടുത്തളത്തിലിറങ്ങി ബില്ലിനെതിരെ പ്രതിഷേധിച്ചു. മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ (DK Shivakumar) പ്രതിഷേധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണ് ഈ ബിൽ എന്നും പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ കോൺഗ്രസ് എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കിയിരുന്നു.

നിയമസഭയിൽ മതപരിവര്‍ത്തന നിരോധന ബില്ലിന്റെ കോപ്പി വലിച്ചുകീറി ഡി കെ ശിവകുമാർ

പ്രതിപക്ഷത്തിനൊപ്പം സംസ്ഥാന വ്യാപകമായി ക്രൈസ്തവ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയിട്ടും ബില്ലുമായി സർക്കാർ മുന്നോട്ട് പോയത് കടുത്ത അവഗണനയെന്ന വിലയിരുത്തലിലാണ് ക്രൈസ്തവ സംഘടനകള്‍. മതസ്വാതന്ത്രത്തിനുള്ള അവകാശം ഇല്ലാതാക്കുകയാണെന്ന് ചൂണ്ടികാട്ടി സംസ്ഥാനവ്യാപക പ്രതിഷേധങ്ങളും അവ‍ർ സംഘടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന മുന്നറിയിപ്പ് ബെംഗ്ലൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാ‍ഡോ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ത്രീകള്‍, ദളിതര്‍, മുസ്ലീം വിഭാഗത്തിലുള്ളവരെ എല്ലാം പ്രതികൂലമായി ബാധിക്കും. ക്രൈസ്തവര്‍ക്ക് എതിരെ അക്രമങ്ങള്‍ വര്‍ധിക്കുമെന്നും ബെംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് ചൂണ്ടികാട്ടിയിരുന്നു. 

എന്നാല്‍ ആദ്യം മുതലേ ബില്ല് പാസാക്കുക തന്നെ ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിരുന്നു. നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ഭൂരിപക്ഷമുള്ളത് സർക്കാരിന് ആത്മവിശ്വാസം പകരുകയും ചെയ്തിരുന്നു. രഹസ്യമായി മത അധിനിവേശമാണ് നടക്കുന്നത്, ഇത് സര്‍ക്കാരിന് അനുവദിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് സഭയിൽ പറഞ്ഞത്. മതപരിവർത്തന നിരോധന ബില്ലിന് തുടക്കം കുറിച്ചത് മുൻ കോൺഗ്രസ് സർക്കാരാണെന്നാണ് ബിജെപി പറയുന്നത്. സിദ്ധരാമയ്യ സർക്കാര്‍ തുടക്കം കുറിച്ചത് നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ സഭയില്‍ വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും, അദ്ദേഹത്തെ മാറ്റണമെന്ന് വരെ ആവശ്യപ്പെട്ട് ലിംഗായത്ത് സമുദായം അടക്കം സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഭൂരിപക്ഷ സമുദായത്തിന്‍റെ പിന്തുണ ഉറപ്പാക്കാനാണ് മതപരിവർത്തന നിരോധനബില്ല് പാസാക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തലുകൾ. എന്നാല്‍ അധികാരത്തിൽ എത്തിയാല്‍ നിയമം പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി പ്രചാരണ വിഷയമാക്കി ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്.

മതപരിവർത്തനം നിരോധിക്കാന്‍ കര്‍ണ്ണാടക; നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനിൽ അംബാനി ഗ്രൂപ്പ് ലോൺ തട്ടിപ്പ് കേസ്: അന്വേഷണത്തിൽ അകാരണമായ കാലതാമസം; ഇഡിക്കും സിബിഐക്കും സുപ്രീംകോടതി വിമർശനം
വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ 19കാരി മരിച്ച നിലയിൽ, കൊലപാതകം ആരോപിച്ച് പ്രതിശ്രുത വരൻ; ദുരഭിമാനക്കൊലയെന്ന് ആരോപണം