സ്വാതന്ത്ര്യദിനത്തിൽ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ പ്രതികരിച്ച് ബിജെപി. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആലാപനം തടയാൻ ശ്രമിച്ചെന്നും, പുതിയ നിയമത്തോടുള്ള ഭയം കാരണം മുഴുവൻ ആലപിക്കേണ്ടി വന്നെന്ന് അമിത് മാളവ്യ പരിഹസിച്ചു
ദില്ലി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി ജെ പി. ദേശീയ ഗാനാലാപനം പൂർണ്ണമായി പാടുന്നതിനെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും തടയാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ അത് തുടരുകയായിരുന്നുവെന്ന് ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ അഭിപ്രായപ്പെട്ടു. ദേശീയ ഗാനത്തെ അവഹേളിക്കുന്നതിനെതിരെ ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമം നിലവിൽ വന്നതിന്റെ ഫലമാണ് കോൺഗ്രസ് ആസ്ഥാനത്ത് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സാംസ്കാരികവും പാരമ്പര്യവുമായ മൂല്യങ്ങളോട് ഗാന്ധി കുടുംബവും കോൺഗ്രസും എക്കാലവും പുലർത്തുന്ന വിമുഖതയാണ് സ്വാതന്ത്ര്യദിനത്തിൽ പോലും പുറത്തുവന്നതെന്നും ബി ജെ പി വിമർശിച്ചു. ആദ്യ വരികൾക്ക് ശേഷം ആലാപനം അവസാനിപ്പിക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആംഗ്യം കാണിച്ചെങ്കിലും നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് ഒടുവിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ അവർ തയ്യാറായതെന്നും അമിത് മാളവ്യ അഭിപ്രായപ്പെട്ടു.
വെട്ടിലായി ഹൈക്കമാൻഡ്
അതേസമയം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വെട്ടിലായിട്ടുണ്ട്. സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഇടപെട്ട് തടയാന്‍ നോക്കിയെങ്കിലും, ദേശീയഗീതം, ഗായക സംഘം പൂര്‍ണ്ണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങള്‍ കഴിഞ്ഞും ആലാപനം തുടര്‍ന്നതോടെ നേതാക്കള്‍ അസ്വസ്ഥരായി. ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്ന സൂചനയോടെ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും നോക്കി. ഈ സമയം മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും ഇടപെട്ടു. സേവാദള്‍ നേതാവിനെ വിളിച്ച് സോണിയ ശകാരിക്കുന്നതും കാണാമായിരുന്നു. മുന്‍പിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിറുത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഏതാണ്ട് അവസാന ചരണമെത്തിയിരുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കള്‍ പിന്നീട് ചടങ്ങില്‍ പങ്കെടുത്തത്. വന്ദേമാതരം പൂര്‍ണ്ണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല. സംഘാടക തലത്തില്‍ സംഭവിച്ച പിഴവാണെന്നാണ് സൂചന. പുറത്ത് നിന്നെത്തിച്ച ഗായക സംഘത്തോട് എവിടെ വരെ പാടണമെന്ന നിര്‍ദ്ദേശം സംഘാടകര്‍ നല്‍കിയിരുന്നില്ലെന്നാണ് സൂചന. ആലാപനം തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പാര്‍ട്ടി വക്താവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് ന്യായീകരിച്ചു. ഏറെ നേരമായി നില്‍ക്കുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണന്നാണ് ജയറാം രമേശിന്‍റെ പക്ഷം.
