
ബെംഗലൂരു: കർണാടകയിൽ മുസ്ലീംകൾക്കിടയിൽ 99 ഉപജാതികൾ ഉള്ളതായി ജാതി സെൻസസ് വിശദമാക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിനുള്ളിൽ ബ്രാഹ്മണ, വൊക്കലിംഗ അടക്കം ഉപജാതികൾ ഉള്ളതായാണ് ജാതി സെൻസസ് വിശദമാക്കുന്നത്. 2015 ലെ സർവേ പ്രകാരം, 76.99 ലക്ഷം മുസ്ലീംകളാണ് കർണാടകയിലുള്ളത്, അവർക്ക് നിലവിൽ ഒബിസി ക്വാട്ടയിൽ നിലവിലുള്ള കാറ്റഗറി 2 ബിയിൽ 4 ശതമാനം സംവരണം ലഭിക്കുന്നുണ്ട്. സാമൂഹ്യ - സാമ്പത്തിക - വിദ്യാഭ്യാസ സർവേ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ച ജാതി സെൻസസ് സർവേ അനുസരിച്ച് 59 ലക്ഷം മുസ്ലിംകളാണ് സർവേയിൽ വെറും മുസ്ലിംകൾ എന്ന് വ്യക്തമാക്കിയത്. മറ്റുള്ളവർ ഉപജാതികളുടെ പേരിലാണ് വിവരങ്ങൾ നൽകിയത്.
അട്ടാരി, ബാഗ്ബാൻ, ചപ്പാർബാൻഡ്, ദർജ്ജ്, ധോബി, ഇറാനി, ജോഹാരി, കലൈഗാർ, മോഗ്ഹൽ, പട്ടേഗാർ, ഫൂൽ മലി, റംഗേസ്, സിപായി, താക്ൻകർ, തേലി എന്നിവ അടക്കമാണ് മുസ്ലിംകളിലെ ഉപജാതികൾ. ഉപജാതികളിൽ ഷെയ്ഖ് മുസ്ലിംകളാണ് ജനസംഖ്യയിൽ മുന്നിലുള്ളത്. 5.5 ലക്ഷം ഷെയ്ഖ് മുസ്ലിംകളാണ് കർണാടകയിലുള്ളത്. പിന്നാലെയുള്ള സുന്നി വിഭാഗത്തിന് 3.49 ലക്ഷം പേരാണുള്ളത്. മുസ്ലിംകളിൽ 99 ഉപജാതിയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയല്ലെന്നാണ് ഷിവാജിനഗർ കോൺഗ്രസ് എംഎൽഎ റിസ്വാൻ അർഷാദ് പ്രതികരിക്കുന്നത്. മതപരിവർത്തനം ചെയ്തെങ്കിലും തങ്ങളുടെ കുല തൊഴിൽ തുടരുന്നവരാണ് ഏറിയ പങ്കും ആളുകളെന്നാണ് എംഎൽഎ വിശദമാക്കുന്നത്.
മുസ്ലിം വിഭാഗത്തിന് ജനസംഖ്യയേക്കുറിച്ചുള്ള വിവരം പുറത്ത് വന്നതിൽ ആശങ്കയില്ലെന്നും എംഎൽഎ പ്രതികരിച്ചതായാണ് ദേശായ മാധ്യമങ്ങൾ വിശദമാക്കിയത്. ബഹുമാനത്തോടെ പരിഗണിക്കപ്പെടുകയെന്നതും സുരക്ഷിതരാണെന്ന തോന്നൽ വരുന്നതുമാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും എംഎൽഎ പറയുന്നു.
സർവേയുടെ അടിസ്ഥാനത്തിൽ 9.47 ലക്ഷം ക്രിസ്ത്യാനികളാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ 57 ഉപജാതികളാണ് ഉള്ളത്. നിലവിൽ 3 ബി കാറ്റഗറിയിലാണ് ക്രിസ്ത്യാനികളുള്ളത്. ലിംഗായത്ത് വിഭാഗത്തിനൊപ്പം 5 ശതമാനം സംവരണമാണ് ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്നത്. മഡിഗ, ബില്ലവ, ബ്രാഹ്മണ, ഇഡിഗ, ജൻഗാമ, കമ്മ, കുരുബ, വൊക്കലിംഗ, വാൽമീകി അടക്കമുള്ള ഉപജാതികളാണ് ക്രിസ്ത്യൻ വിഭാഗത്തിലുള്ളത്.
കർണാടകയുടെ ജനസംഖ്യയിൽ 70% ഒബിസി വിഭാഗമെന്ന് സർവേ റിപ്പോർട്ട് പറയുന്നത്. ദളിത്, ആദിവാസി, ഒബിസി വിഭാഗങ്ങൾ ചേർന്നാൽ സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 94% എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ നിലവിലെ 32 ശതമാനം ഒബിസി സംവരണം 51% ആയി ഉയർത്താൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് ജെ കാന്തരാജിന്‍റെ നേതൃത്വത്തിലാണ് റിപ്പോർട്ട് പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം