
ബെംഗളൂരു: കർണാടകയുടെ 24 ആമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30-യ്ക്കാണ് സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും ചുമതലയേൽക്കും. എട്ട് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നു. കർണാടകയിൽ 30:30 ഫോർമുല മന്ത്രിമാർക്കും ബാധകമാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയായി
1. ജി പരമേശ്വര
2. കെ എച്ച് മുനിയപ്പ
3. കെ ജെ ജോർജ്
4. എം ബി പാട്ടീൽ
5. സതീഷ് ജർക്കിഹോളി
6. പ്രിയങ്ക് ഖാർഗെ
7. രാമലിംഗ റെഡ്ഢി
8. സമീർ അഹമ്മദ് ഖാൻ
അതേസമയം, ലിംഗായത്ത്, വൊക്കലിഗ, മുസ്ലിം, എസ്‍സി, എസ്‍ടി, വനിതാ പ്രാതിനിധ്യങ്ങളുടെ സമവാക്യം ഒപ്പിച്ചുതന്നെയാകും മന്ത്രിസഭാ രൂപീകരണം. ബിജെപി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എംഎൽസി സ്ഥാനം നൽകിയ ശേഷം മന്ത്രിസ്ഥാനം നൽകിയേക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വരെ ബിജെപിയിതര പ്രതിപക്ഷ പാർട്ടി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മമതാ ബാനർജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കും. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി പി ഐ ജനറൽ ഡി രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവിൽ എൻഡിഎയ്ക്ക് ഒപ്പമുള്ള പുതുച്ചേരി മുഖ്യമന്ത്രിയെയും കോൺഗ്രസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam