Latest Videos

കര്‍ണാടക പ്രതിസന്ധി: രണ്ട് വിമത എംഎൽഎമാരെ സ്പീക്കര്‍ വിളിപ്പിച്ചു, സുപ്രീംകോടതി വിധി അൽപ്പസമയത്തിനകം

By Web TeamFirst Published Jul 17, 2019, 9:32 AM IST
Highlights

കോൺഗ്രസ്‌ വിമത എംഎൽഎമാരായ എം ടി ബി നാഗരാജ്, കെ സുധാകർ എന്നിവരെ സ്പീക്കർ വിളിപ്പിച്ചു വൈകിട്ട് മൂന്നരയ്ക്ക് ഓഫീസിൽ എത്തണം എന്നാണ് നിർദ്ദേശം.

കര്‍ണാടക: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിൽ നിര്‍ണ്ണായക നീക്കങ്ങൾ. കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ രണ്ട് വിമത എംഎൽഎമാരെ സ്പീക്കര്‍ വിളിപ്പിച്ചു. കോൺഗ്രസ്‌ വിമത എം എൽ എമാരായ എംടിബി നാഗരാജ്, കെ സുധാകർ എന്നിവരെയാണ് സ്പീക്കർ വിളിപ്പിച്ചത്. വൈകിട്ട് മൂന്നരയ്ക്ക് ഓഫീസിൽ എത്തണം എന്നാണ് സ്പീക്കറുടെ നിർദ്ദേശം. രാജിക്ക് ശേഷമുള്ള വിശദീകരണത്തിന് വേണ്ടിയാണ് സ്പീക്കര്‍ വിളിപ്പച്ചതെന്നാണ്  വിവരം. എന്നാൽ ഇപ്പോൾ മുംബൈയിലുള്ള ഇരുവരും കൂടിക്കാഴ്ചക്ക് എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.  

സ്പീക്കറുടെ നിലപാട് തന്നെയാണ് കര്‍ണ്ണാടകയിൽ ഇനി നിര്‍ണ്ണായകമാകുക. രാജി അംഗീകരിക്കാൻ തയ്യാറാകണമെന്ന് വിമത എംഎൽഎമാര്‍ ആവശ്യപ്പെടുമ്പോൾ  12 എംഎൽഎമാരെ അയോഗ്യരാക്കാനാണ് കോൺഗ്രസും ജെഡിഎസും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം രാജി അംഗീകരിക്കാൻ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയ്ക്ക്  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതിയാണ് വിധി പറയുക. 

രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ നിരത്തിയ പ്രധാന വാദങ്ങളിലൊന്ന്. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസിൽ വാദം കേൾക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കര്‍ണാടകത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും

Read Also: കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം | പൂര്‍ണരൂപം

click me!