ദില്ലി: രാജി അംഗീകരിക്കാൻ സ്‍പീക്കര്‍ക്ക് നിര്‍ദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎൽഎമാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്.  മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവെച്ച എം എൽ എമാരിൽ രണ്ടുപേർക്കെതിരെ അയോഗ്യതാ നടപടികൾ നടക്കുന്നതായി  റോത്തഗി കോടതിയെ അറിയിച്ചു. 

10.43 എ.എം: വിമത എംഎല്‍എമാര്‍ക്ക് വേണ്ടി മുകുള്‍ റോത്തഗി വാദിക്കുന്നു.

#രാജിവെച്ച് ജനങ്ങളിലേക്ക് തിരിച്ചുപോവുക തങ്ങളുടെ അവകാശമാണെന്നും എം എൽ എമാർ

 #രാജി അംഗീകരിക്കാതെ, എം എൽഎ ആയി തുടരാൻ സ്പീക്കർ തങ്ങളെ നിർബന്ധിക്കുന്നു

#രാജി സ്വമേധയാ നൽകിയതാണോ ആരുടെയെങ്കിലും സമർദ്ദം മൂലം നൽകിയതാണോ എന്ന് പരിശോധിക്കണം എന്ന ഒറ്റക്കാര്യം പറഞ്ഞാണ് സ്പീക്കർ രാജി അംഗീകരിക്കാത്തത് എന്ന് റോത്തഗി 

#താല്പര്യമില്ലാത്ത  വിഭാഗത്തിനൊപ്പം തുടരാൻ എംഎല്‍എമാരെ സപീക്കര്‍ നിർബന്ധിക്കുകയാണെന്ന് റോത്തഗി

#രാജി അംഗീകരിച്ചാൽ കർണാടക സർക്കാർ ന്യൂനപക്ഷമാകും. അതുകൊണ്ടാണ് സ്പീക്കർ രാജി അംഗീകരിക്കാത്തത്. 

#രാജിക്കത്ത് എം എൽ എമാരെ അയോഗ്യരാക്കുമെന്ന് സ്പീക്കർ ഭീഷണിപ്പെടുത്തുന്നു.

#എം എൽ എമാരെ അയോഗ്യരാക്കാനാണ് രാജിക്കത്തിൽ സ്പീക്കർ തീരുമാനം എടുക്കാത്തത് . ഭരണഘടനപരമായ അവകാശങ്ങള്‍ അതിന് ഒരു കാരണമായി പറയുന്നെന്നും റോത്തഗി.

#അയോഗ്യതയുടെ പേരിൽ രാജിയോ, രാജിയുടെ പേരിൽ അയോഗ്യതയോ തടഞ്ഞുവെക്കാൻ സ്പീക്കർക്ക് അവകാശമില്ല എന്ന് റോത്തഗി

#രാജിയിലും അയോഗ്യതയിലും സ്പീക്കർ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാകില്ലെന്ന‌് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇക്കാര്യങ്ങളിൽ എന്തെങ്കിലും ഭരണഘടനപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്നേ പരിശോധിക്കാനാകൂ.

11.57 എ എം : മുകുള്‍ റോത്തഗിയുടെ വാദം അവസാനിച്ചു. സ്പീക്കര്‍ രമേഷ് കുമാറിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിക്കുന്നു. 

#ജൂലായ് ആറിന് എംഎല്‍എമാർ രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എൽ എമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത്  എന്നും ചീഫ് ജസ്റ്റിസ്. 

#എം എൽഎമാർ കോടതിയെ സമീപിക്കുന്നതുവരെ ഒന്നും ചെയ്യാഞ്ഞത് എന്തുകൊണ്ടെന്ന് ചീഫ് ജസ്റ്റിസ്.

#അയോഗ്യതാ നടപടികളുമായി മുന്നോട്ടുപോകുന്നതിന് സ്പീക്കറെ  ആരും തടയുന്നില്ല. എന്നാൽ രാജി തീരുമാനം എന്തിന് വൈകിപ്പിക്കുന്നു എന്ന് കോടതി

#24 മണിക്കൂറിനകം പ്രോടേം സ്പീക്കറെ വെച്ച് വിശ്വാസ വോട്ട് തേടാൻ മുമ്പ് ഈ കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. അന്ന് ആരും കോടതിയുടെ അധികാരപരിധി ചോദ്യം ചെയ്തില്ല. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്നും ചീഫ് ജസ്റ്റിസ്.

#സമയമെടുത്ത് മാത്രമെ തീരുമാനം എടുക്കാനാകൂ എന്നാണ് സ്പീക്കർ പറയുന്നതെന്ന് കോടതിയുടെ വിമർശനം

#രാജിയിലും അയോഗ്യതയിലും നാളെ തീരുമാനം ഉണ്ടാകുമെന്ന് സ്പീക്കർ കോടതിയെ അറിയിച്ചു.

#കൂറുമാറ്റ നിയമം വ്യാഖ്യാനിച്ചപ്പോൾ സ്പീക്കർക്ക് കൂടുതൽ അധികാരങ്ങൾ നൽകി. അത് മാറ്റേണ്ട സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടിവരുമെന്ന് കോടതി.

#അയോഗ്യത മറികടക്കാനാണ് രാജി എന്ന് സ്പീക്കർ പറയുന്നു. അയോഗ്യരാക്കാനാണ് രാജി എന്ന് എം എൽ എ മാർ പറയുന്നു.  രണ്ട് വാദങ്ങളും പ്രധാനപ്പെട്ടതെന്ന് സുപ്രീംകോടതി.

02.27 പിഎം: മനു അഭിഷേക് സിംഗ്വിയുടെ വാദം അവസാനിച്ചു. മുഖ്യമന്ത്രി കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍റെ വാദം തുടങ്ങി.

#രാജിയോ അയോഗ്യതയോ ആദ്യം പരിശോധിക്കുക എന്ന ചോദ്യത്തിൽ പ്രസക്തിയില്ല. കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് പറയുന്നതുപോലെയാകും അത് എന്ന് കുമാരസ്വാമി.

#ഭരണഘടനപരമായ കർത്തവ്യം നിർവഹിക്കപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് വിഷയമെന്ന് കുമാരസ്വാമി

03.09 പിഎം: രാജീവ് ധവാന്‍റെ വാദം പൂര്‍ത്തിയായി. എംഎല്‍എമാര്‍ക്കു വേണ്ടി മുകുള്‍ റോത്തഗിയുടെ മറുപടിവാദം തുടങ്ങി.

#രാജിവെക്കുക എന്നത് ഒരാളുടെ മൗലിക അവകാശമാണ്. അത് സംരക്ഷിക്കണമെന്ന് റോത്തഗി. 

#മറ്റ് കാരണങ്ങളൊന്നും ഇല്ലെങ്കില്‍ രാജി ഉടൻ അംഗീകരിക്കണം എന്നാണ് ഭരണഘടന പറയുന്നത്. ഭരണഘടന പ്രകാരമാണെങ്കിൽ രാജി ഉടൻ അംഗീകരിക്കണമെന്നും റോത്തഗി

03.29 പിഎം: വാദങ്ങള്‍ അവസാനിച്ചു. നാളെ  രാവിലെ 10.30ന് വിധി പറയാമെന്ന് കോടതി അറിയിച്ചു.