
ബെംഗളൂരു: കർണാടകത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയിൽ സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് ഡി കെ ശിവകുമാർ സർക്കാരിന്‍റെ തീരുമാനം. ഗൃഹനാഥകളായ വീട്ടമ്മമാർക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്. പദ്ധതി നിർത്തലാക്കുകയല്ല, മറിച്ച്, അനർഹമായി ആനുകൂല്യം പറ്റുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. അതേസമയം കൈപൊള്ളിക്കുന്ന സൗജന്യങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പരിഹാസം. ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ 2025 - 26 സാമ്പത്തിക വർഷത്തിൽ, 62,345 കോടി രൂപയും ഈ വർഷം ഇതുവരെ 28,608 കോടി രൂപയും സർക്കാരിന് ചെലവായിട്ടുണ്ട്. ഗൃഹജ്യോതിക്ക് കീഴിൽ പോയ വർഷം 28,000 കോടിയും 2026 ൽ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ചെലവായി.
രാജ്യത്തെ ഏറ്റവും വലിയ പണം കൈമാറ്റം ചെയ്യുന്ന പദ്ധതിയാണെന്നും രാജ്യത്ത് മറ്റൊരിടത്തും സർക്കാർ സ്ത്രീകൾക്ക് ഇത്രയും പണം കൈമാറുന്നില്ല എന്നുമടക്കം രാഹുൽ ഗാന്ധി വിശേഷിപ്പിച്ച പദ്ധതിയാണ് ഗൃഹലക്ഷ്മി. 2023 മുതൽ സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകുന്ന പദ്ധതിയിൽ ഡി കെ ശിവകുമാർ പൊളിച്ചെഴുത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഗ്യാരണ്ടി പദ്ധതികൾ ഒരു കാരണവശാലും നിർത്തില്ലെന്നും മറ്റുള്ളവർക്ക് മാതൃകയാകുന്ന ചില മാറ്റങ്ങൾ കൊണ്ടുവരികയാണെന്നും പറഞ്ഞുകൊണ്ടാണ് ഡി കെ പൊളിച്ചെഴുത്ത് നടത്തുന്നത്. മരിച്ചവരുടെ ഉൾപ്പെടെ അക്കൗണ്ടുകളിലേക്ക് ഈ തുക എത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിശദീകരണം. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ 100 കോടി രൂപ അനർഹരായവർ കൈപ്പറ്റിയെന്ന് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ പണം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയതിനൊപ്പമാണ് ആനുകൂല്യത്തിന് അർഹരായ എല്ലാവരും ആധാർ ഉപയോഗിച്ച് വീണ്ടും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്. പുതിയ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങൾ വിതരണം ചെയ്യു എന്ന നിലപാടിലാണ് മുഖ്യമന്ത്രി. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതിയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പലരും ഒന്നിലേറെ മീറ്ററുകളിലൂടെ ആനുകൂല്യങ്ങൾ തരപ്പെടുത്തുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. സൗജന്യ വൈദ്യുതി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തിൽ ഗൃഹജ്യോതിക്ക് അർഹരായവരെ വീണ്ടും ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യിക്കാനാണ് സർക്കാർ നീക്കം. ചോർച്ച ഒഴിവാക്കാനെന്ന പേരിൽ സർക്കാർ പുനഃപരിശോധനയ്ക്ക് തയ്യാറെടുക്കുന്പോൾ സൗജന്യങ്ങളിൽ നിന്ന് സർക്കാർ പിന്നാക്കം പോകുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ലക്ഷക്കണക്കിന് മരിച്ചവരെ ഒഴിവാക്കുമെന്ന് പറയുമ്പോൾ ഈ മൂന്ന് വർഷം ആർക്കാണ് ഇവർ പണം നൽകിയതെന്ന ചോദ്യത്തിന് ഉത്തരം പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam