'ഹോർമോൺ പ്രവർത്തനം തകരാറിലാക്കും'; സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കണമെന്ന് കർണാടകയിലെ സമിതി 

By Web TeamFirst Published Jul 15, 2022, 7:59 PM IST
Highlights

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മുട്ടയും മാംസവും പാടില്ലെന്ന നിർദേശത്തിൽ വിവാദം വേണ്ടെന്നാണ് സംസ്ഥാനത്തെ ബിജെപി സർക്കാറിന്റെ നിലപാട്.

ബെംഗളൂരു: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ സസ്യേതര ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന്  കർണാടകയിലെ ദേശീയ വിദ്യാഭ്യാസ നയ സമിതി (എൻഇപി). മുട്ടയോ മാംസമോ കഴിക്കുന്നത് അസുഖത്തിന് കാരണമാകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം സർക്കാറിന് മുന്നിൽ വെച്ചത്. സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൽ മുട്ടയും മാംസവും പാടില്ലെന്ന നിർദേശത്തിൽ വിവാദം വേണ്ടെന്നാണ് സംസ്ഥാനത്തെ ബിജെപി സർക്കാറിന്റെ നിലപാട്. സമിതി നൽകിയ നിർദേശം ചർച്ച ചെയ്യാമെന്നും ജനങ്ങൾക്ക് എന്താണ് നല്ലത് എന്നത് സ്വീകരിക്കാമെന്നും സർക്കാർ എന്നും ജനപക്ഷമാണെന്നും കർണാടക മന്ത്രി സി എൻ അശ്വത് നാരായൺ പറഞ്ഞു.

നിംഹാൻസിലെ ചൈൽഡ് ആൻഡ് അഡോളസന്റ് സൈക്യാട്രി വിഭാഗം മേധാവി ജോൺ വിജയ് സാഗറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയാണ് 'ആരോഗ്യവും ക്ഷേമവും' എന്ന പേരിൽ നിർദേശം സമർപ്പിച്ചത്. ഇന്ത്യക്കാരുടെ ചെറിയ ശരീരഘടന കണക്കിലെടുക്കുമ്പോൾ, മുട്ടയും മാംസവും പതിവായി കഴിക്കുന്നതിലൂടെ കൊളസ്‌ട്രോളിലൂടെ ലഭിക്കുന്ന അധിക ഊർജ്ജം ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകുന്നു. രാജ്യത്തുടനീളം നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം  മാംസ ഭക്ഷണം മനുഷ്യരിലെ പ്രവർത്തനങ്ങൾ തകരാറിലാക്കുന്നതായി സമിതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

സിബിഎസ്ഇ, ഐസിഎസ്ഇ ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ ഇടപെടണം; കേന്ദ്രത്തിന് കത്തയച്ച് വിദ്യാഭ്യാസ മന്ത്രി

2019-21ൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യയിൽ മാംസാഹാരം വർധിക്കുകയാണ്. 15-49 പ്രായത്തിലുള്ള 83 ശതമാനത്തിലധികം പുരുഷന്മാരും 71 ശതമാനം സ്ത്രീകളും സസ്യേതര ഭക്ഷണം കഴിക്കുന്നുണ്ടെന്ന് സർവേ പറയുന്നു. മുൻ സർവേയിൽ നിന്ന് ഇത് പുരുഷന്മാരിൽ 5 ശതമാനവും സ്ത്രീകളിൽ 1 ശതമാനവും അധികമാണ് സസ്യേതര ഭക്ഷണം. കർണാടകയിൽ 80 ശതമാനത്തിലധികം ആളുകൾ മുട്ടയോ മാംസമോ കഴിക്കുന്നവരാണണ്. ഇതുവരെ 25 പേപ്പറുകളാണ് സംസ്ഥാന സർക്കാരിന് മുന്നിൽ വിദ​ഗ്ധ സമിതികൾ സമർപ്പിച്ചത്. ഇതിൽ ഒരു സമിതി പൈതഗോറസ് സിദ്ധാന്തം വ്യാജമാണെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. 

മുതിർന്ന കോൺഗ്രസ് നേതാവ് റിസ്വാൻ അർഷാദ് നിർദേശത്തെ എതിർത്തു. നിർദേശം പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ നഷ്ടപ്പെടുത്താൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ നിർദ്ദേശം സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നും കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ശശി കുമാർ പറഞ്ഞു.

click me!