റിപ്പബ്ലിക് ദിനത്തിൽ കർണാടകയിലും ട്രാക്ടർ റാലി

By Web TeamFirst Published Jan 22, 2021, 4:37 PM IST
Highlights

റിപ്പബ്ലിക് ദിനത്തിൽ കർണാടകത്തിലും ട്രാക്ടർ റാലി. കാർഷിക നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശം കർശക സംഘടനകൾ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം

ബെംഗളൂരു:  റിപ്പബ്ലിക് ദിനത്തിൽ കർണാടകത്തിലും ട്രാക്ടർ റാലി. കാർഷിക നിയമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിർദേശം കർശക സംഘടനകൾ തള്ളിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ബംഗളുരുവിൽ ആയിരക്കണക്കിന് കർഷകരെ പങ്കെടുപ്പിച്ച് റാലി നടത്തുമെന്ന് കർണാടക രാജ്യ റെയ്‌ത സംഘമാണ് അറിയിച്ചിരിക്കുന്നത്. സംഘടനാ നേതാവ്  കോഡിഹള്ളി ചന്ദ്രശേഖറാണ് റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച പുതിയ നിർദേശവും കർഷക സംഘടനകൾ തള്ളിയിരുന്നു. സമരം ശക്തമായി തുടരുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു. കാർഷിക നിയമം ഭേദഗതി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് സംഘടനകളുടെ നിലപാട്.  റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയിലും മാറ്റമില്ല. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. 

സമരം നിർത്തുകയാണെങ്കിൽ ഒന്നരവർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമിതി ഉണ്ടാക്കും എന്നിവയായിരുന്നു ചര്‍ച്ചയിലെ പുതിയ നിർദ്ദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളുകയായിരുന്നു. പുതിയ നിയമം പിൻവലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് ബഹുജന പിന്തുണ ഏറി വരുന്നതായും സംയുക്ത യോഗം വിലയിരുത്തി. 

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി സംബന്ധിച്ച് ദില്ലി പൊലീസ് കർഷക സംഘടനകളുമായി ചർച്ച നടത്തി. റാലി നടത്താൻ ദില്ലി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പൊലീസ് നിർദ്ദേശിച്ചെങ്കിലും കർഷക സംഘടനകൾ വഴങ്ങിയില്ല. ട്രാക്ടർ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കർഷക സംഘടനകൾ അറിയിച്ചു. ഇതിനിടെ കാർഷിക നിയമത്തെ പിന്തുണയ്ക്കുന്ന കർഷകരും ആയി സുപ്രീംകോടതി നിയോഗിച്ച സമിതി ഓൺലൈൻ ചർച്ച നടത്തി.

click me!