റിപബ്ലിക് ദിന പരേഡില്‍ താരമാകാനൊരുങ്ങി ഇന്ത്യാ പാക് യുദ്ധത്തിലെ നിര്‍ണായക സാന്നിധ്യം

By Web TeamFirst Published Jan 22, 2021, 4:03 PM IST
Highlights

1947-48 ലെ ഇന്ത്യ പാക് സംഘര്‍ഷത്തിലും ഈ വിമാനം ഇന്ത്യക്ക് ശക്തി പകര്‍ന്നിരുന്നു. 1947 ഒക്ടോബര്‍ 26ന് ശ്രീനഗറിനെ രക്ഷിച്ചതും ഈ വിമാനമായിരുന്നു.  പാക് പിന്തുണയോടെ തീവ്രവാദികള്‍ ശ്രീനഗര്‍ ആക്രമിച്ചപ്പോള്‍ സിഖ് റജിമെന്‍റിനെ ഇവിടേയ്ക്ക് എത്തിച്ചത് ഡക്കോട്ട വിമാനമായിരുന്നു. 

റിപബ്ലിക് ദിന പരേഡില്‍ വീണ്ടും പറക്കാനൊരുങ്ങി 1971ലെ ഇന്ത്യാ പാക് യുദ്ധത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്ന ഡക്കോട്ട വിമാനം. ബംഗ്ലാദേശിലെ സ്വതന്ത്രമാക്കാനും മുന്‍നിരപ്പോരാളിയായിരുന്നു ഈ യുദ്ധവിമാനം. റഷ്യന്‍ നിര്‍മ്മിത എംഐ 17 ഹെലികോപ്റ്ററുകള്‍ക്കൊപ്പമാകും ഡക്കോട്ട വിമാനം റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുക.

1947-48 ലെ ഇന്ത്യ പാക് സംഘര്‍ഷത്തിലും ഈ വിമാനം ഇന്ത്യക്ക് ശക്തി പകര്‍ന്നിരുന്നു. 1947 ഒക്ടോബര്‍ 26ന് ശ്രീനഗറിനെ രക്ഷിച്ചതും ഈ വിമാനമായിരുന്നു.  പാക് പിന്തുണയോടെ തീവ്രവാദികള്‍ ശ്രീനഗര്‍ ആക്രമിച്ചപ്പോള്‍ സിഖ് റജിമെന്‍റിനെ ഇവിടേയ്ക്ക് എത്തിച്ചത് ഡക്കോട്ട വിമാനമായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം മുഴുവന്‍ സൈനികരേയും എയര്‍ ലിഫ്റ്റ് ചെയ്തതും ഇതേ വിമാനത്തിലായിരുന്നു.

പാകിസ്ഥാനെതിരായ വിജയത്തിന്‍റെ 50ാം വാര്‍ഷികത്തില്‍ ബംഗ്ലാദേശ് സേന കണ്ടീജെന്‍റിനോട് റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനായി 122 അംഗ ബംഗ്ലാദേശ് കണ്ടീജെന്‍റാണ് ദില്ലിയില്‍ കഴിഞ്ഞ ആഴ്ച എത്തിയത്. ബംഗ്ലാദേശില്‍ നിന്നുള്ള സംഘം വേദിയെ അഭിവാദ്യം ചെയ്യുന്ന അതേ സമയത്താകും ഡക്കോട്ട വിമാനവും വേദിയെ അഭിവാദ്യം ചെയ്യുക. രാജ്യസഭാ എംപി രാജീവ് ചന്ദ്രശേഖറാണ് വ്യോമസേനയ്ക്ക് ഈ വിമാനം സമ്മാനിച്ചത്.

2011ല്‍ ഉപേക്ഷിച്ച ഈ വിമാനത്തെ വീണ്ടും ഉപയോഗിക്കാവുന്ന നിലയിലേക്ക് എത്തിച്ച ശേഷമാണ് വിമാനം വ്യോമസേനയ്ക്ക് സമ്മാനിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലും ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലും നിര്‍ണായക സാന്നിധ്യമായിരുന്നു ഈ വിമാനമെന്നാണ് എംപി പറയുന്നത്.

ആറുവര്‍ഷത്തോളം സമയമെടുത്താണ് ഈ വിന്‍റേജ് വിമാനത്തെ വീണ്ടും ഉപയോഗിക്കാവുന്ന നിലയിലേക്ക് എത്തിച്ചത്. 2018ലാണ് വിന്‍റേജ് വിമാനങ്ങളുടെ നിരയില്‍ ഉള്‍പ്പെടുത്തിയത്. ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ ബേസില്‍ വച്ചായിരുന്നു ഇത്. 1988 വരെ വലിയൊരു നമ്പര്‍ ഡക്കോട്ട വിമാനങ്ങള്‍ രാജ്യത്തെ സേവിച്ചിട്ടുണ്ട്. 

click me!