അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ വിലക്കി കര്‍ണാടക സര്‍ക്കാര്‍

By Web TeamFirst Published Jun 11, 2020, 5:18 PM IST
Highlights

 ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. 

ബെംഗളൂരു: അഞ്ചാം ക്ലാസ് വരെ ഓൺലൈൻ ക്ലാസുകൾ വിലക്കി കർണാടക സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ബുദ്ധിമുട്ടാകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം. ഏഴാം ക്‌ളാസിലെ കുട്ടികൾക്കു വരെ ഇനി ഓൺലൈൻ പഠനം വേണ്ടെന്ന നിർദേശം ചില മന്ത്രിമാർ മുന്നോട്ട് വച്ചെങ്കിലും അതിൽ തീരുമാനമായില്ലെന്നു വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു.

വിഷയം പരിശോധിക്കാനായി നിയോഗിച്ച ഉന്നത സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും. ഏഴാം ക്‌ളാസ് വരെ ഓൺലൈൻ പഠനം നിരോധിച്ചെന്ന മറ്റു മന്ത്രിമാരുടെ അഭിപ്രായവും വിദ്യാഭ്യാസ മന്ത്രി എസ സുരേഷ് കുമാർ തള്ളി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് ഒരു ഫീസും വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ആറ് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നല്‍കാന്‍ പാടുള്ളൂവെന്ന നിംഹാസിന്റെ നിര്‍ദേശ പ്രകാരം പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി എസ്. സുരേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

click me!