ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു

By Web TeamFirst Published Apr 22, 2021, 6:07 PM IST
Highlights

ബിനീഷ് 6 മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു.  

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നു ബിനീഷിന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചു. അല്ലെങ്കിൽ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ജാമ്യഹർജി പരിഗണിച്ച ഘട്ടത്തിൽ തനിക്ക് രണ്ടു മണിക്കൂർ വാദിക്കാനുണ്ടെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയോട് പറഞ്ഞു. ബിനീഷ് 6 മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം കോടതിയെ ഓര്മിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിക്കാതെ പിരിയുകയായിരുന്നു.  ബിനീഷ് ഏറെ നാളായി ജയിലിൽ ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജെയിലിൽ കിടക്കുന്നവർ ഉണ്ടെന്നു അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ ഓർമിപ്പിച്ചു. 

ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് 2020 ഒക്ടോബർ 29-നാണ്. ബിനീഷ് അറസ്റ്റിലായിട്ട് ഇതിനോടകം 175 ദിവസങ്ങൾ പിന്നിട്ടു. അച്ഛന് ക്യാൻസർ ബാധയുണ്ടെന്നും ഒപ്പം നിൽക്കാനായി ജാമ്യം അനുവദിക്കണമെന്നും ബിനീഷ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ബിനീഷിൻ്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നേരത്തെ രണ്ടു തവണ തള്ളിയിരുന്നു.

click me!