
ബെംഗളുരു: കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി. കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല. പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി.
ജസ്റ്റിസ് എം നാഗപ്ര,ന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ ചെട്ടി ആൻഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ തീരുമാനം. സ്വകാര്യ കമ്പനി ഡയറക്ടർ കൂടി ഭാഗമായ ഒരു ഭൂമി തർക്കത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തർക്ക ഭൂമിയിലെ മതിലിൽ കൂടി കടക്കുന്നതിന് കോടതി കക്ഷികളെ വിലക്കിയിരുന്നു. എന്നാൽ പ്രത്യേക കോടതി ഉത്തരവ് സമ്പാദിച്ച എതിർ കക്ഷിയുടെ ജോലിക്കാർ മതിലിലൂടെ കടന്നതിനേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് സ്വകാര്യ കമ്പനി ഡയറക്ടർ എതിർ കക്ഷിയുടെ ജീവനക്കാരന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത്. മതിലിലെ ഗേറ്റിന് പൂട്ട് സ്ഥാപിക്കാനെത്തിയ ആൾക്കെതിരെയായിരുന്നു കുരുമുളക് സ്പ്രേ പ്രയോഗം.
വാക്കേറ്റത്തിനിടെയുള്ള ആക്രമണം സ്വയ രക്ഷ ലക്ഷ്യമിട്ടുള്ളതിനാൽ ക്രിമിനൽ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ കമ്പനി ഡയറക്ടറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കുരുമുളക് സ്പ്രേ പ്രയോഗത്തിൽ ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റിരുന്നു ഇതോടെയാണ് എതിർ കക്ഷി ക്രിമിനൽ കേസ് നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം