
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി ജില്ലയിലെ ഈദ്ഗാ മൈതാനിയിൽ നിബന്ധനകൾക്ക് വിധേയമായി ഗണേശ ചതുർത്ഥി ആഘോഷിക്കാൻ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച അനുമതി നൽകി. ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കാൻ ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ അനുമതി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതി അനുമതി നൽകിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഉത്തരവ്. ജസ്റ്റിസ് അശോക് എസ് കിനാഗിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹുബ്ബള്ളി ഈദ്ഗാ മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷം അനുവദിക്കാനുള്ള അധികൃതരുടെ തീരുമാനത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ബെംഗളൂരുവിലെ ഈദ്ഗാഹിൽ സുപ്രീംകോടതി അനുമതി നിഷേധിച്ചത് ഹുബ്ബള്ളിയിൽ ബാധകമാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
'ഈദ്ഗാഹ് മൈതാനത്ത് ഗണേഷ ചതുര്‍ഥി ആഘോഷം നടത്തേണ്ട'; രണ്ട് ദിവസം തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
ബംഗളൂരുവിലെ ചാമരാജ്പേട്ടിലെ ഈദ്ഗാ മൈതാനിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് കർണാടക ഹൈക്കോടതിയുടെ വിധി വന്നത്. ഹുബ്ബള്ളി ഈദ്ഗാഹ് മുനിസിപ്പൽ കമ്മീഷണർ ആരാധനാലയമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും ഹിന്ദുക്കൾ ആദ്യമായാണ് ഈദ്ഗാഹ് മൈതാനത്ത് ആഘോഷം നടത്താന്ഡ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ വാദിച്ചു. അതേസമയം, കേസിൽ സ്വത്തിന്റെ പേരിൽ തർക്കമില്ലെന്നും ചാമരാജ്‌പേട്ടയിലെ പ്രശ്നത്തിൽനിന്ന് വ്യത്യസ്തമാണെന്നും എഎജി ധ്യാൻ ചിന്നപ്പ പറഞ്ഞു. ഭൂമി ആരാധനാലയമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു
കഴിഞ്ഞ ദിവസമാണ് ഹുബ്ബള്ളിയിലെ ഈദ്ഗാ മൈതാനിയിൽ മൂന്ന് ദിവസത്തേക്ക് ഗണേഷ ചതുർഥി ആഘോഷിക്കാൻ ഹുബ്ബള്ളി-ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷൻ (എച്ച്ഡിഎംസി) തീരുമാനിച്ചത്. തിങ്കളാഴ്ച ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിന് ശേഷം മേയർ ഐരേഷ് അഞ്ചത്തഗേരിയാണ് തീരുമാനം അറിയിച്ചത്. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ കോർപ്പറേഷൻ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം, മുസ്ലീങ്ങൾക്ക് വർഷത്തിൽ രണ്ടുതവണ (റംസാൻ, ബക്രീദ്) മൈതാനത്ത് പ്രാർത്ഥന നടത്താൻ അനുവാദമുണ്ട്. അതേസമയം കോർപ്പറേഷൻ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മൈതാനത്ത് ദേശീയ പതാക ഉയർത്തുന്നു.