Karnataka Hijab Row : കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു, വാക്കേറ്റം

Published : Mar 28, 2022, 12:27 PM ISTUpdated : Mar 28, 2022, 02:23 PM IST
Karnataka Hijab Row : കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ തടഞ്ഞു, വാക്കേറ്റം

Synopsis

ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

ദില്ലി: കര്‍ണാടകയില്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ തുടങ്ങി. ബെല്ലാരിയിൽ ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികളെ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. ഹിജാബ് അഴിച്ചുമാറ്റിയ ശേഷമേ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുവെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇത് വിദ്യാർത്ഥികളും അധ്യാപകരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി. ഹിജാബ് മാറ്റിയ ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിച്ചത്.

ഹിജാബ് അനുവദിക്കില്ലെന്നും പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് യൂണിഫോം നിര്‍ബന്ധമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എട്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതില്‍ നാലര ലക്ഷത്തോളം പെണ്‍കുട്ടികളാണ്. ഹിജാബിന്‍റെ പേരില്‍ പരീക്ഷ ബഹിഷ്കരിക്കുന്നവര്‍ക്ക് രണ്ടാമത് അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉഡുപ്പി അടക്കം തീരമഖലകളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്കൂളുകള്‍ക്ക് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതിനിടെ, ഹിജാബ് നിരോധനത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്ത് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീംകോടതിയെ സമീപിച്ചു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. വിധി ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിയിലുണ്ട്. കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്തയും സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. വിധി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജികളില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചിട്ടില്ല.

പതിനൊന്ന് ദിവസം വാദം, ഒടുവിൽ ഹൈക്കോടതി വിധി

നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നടക്കം സര്‍ക്കാര്‍ വാദിച്ചിരുന്നു. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടി ശേഷമാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

രണ്ടാം റാങ്കുകാരി അഭിരാമി, ഹിജാബ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിരുദ ചടങ്ങിലേക്കില്ല; കൈയ്യടിച്ച് കെ ടി ജലീൽ

വിവാദങ്ങളുടെ തുടക്കം

ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ  അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.

ഹിജാബ് വിധി ഇങ്ങനെ: 

ഹിജാബ്  നിർബന്ധിത മതാചാരമല്ല
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം  
യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല 
യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല 
വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട് 
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി 
കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല 
കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?