മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Published : Dec 20, 2019, 08:08 AM ISTUpdated : Dec 20, 2019, 08:18 AM IST
മംഗളൂരുവില്‍ സംഘര്‍ഷമുണ്ടാക്കിയത് കേരളത്തില്‍ നിന്നുള്ളവരെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

Synopsis

പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചത് എന്നും മന്ത്രി 

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന്  കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മൈ. വ്യാപക പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്, ഇതിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

 മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിൽ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവിൽ സമരം ചെയ്യുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം