മാധ്യമങ്ങളെ പുറത്താക്കി വാതിലടച്ചു: വിധാൻ സൗധയില്‍ നാടകീയ രംഗങ്ങള്‍

By Web TeamFirst Published Jul 10, 2019, 6:23 PM IST
Highlights

രാജി വെക്കാനെത്തിയ കോൺഗ്രസ് എംഎൽഎ സുധാകറിനെ കോൺഗ്രസ് നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തു

മുംബൈ: നാടകീയ രംഗങ്ങളുടെ വേദിയായി വിധാൻ സൗധ. സംഘർഷാന്തരീക്ഷം നിലനിൽക്കുന്ന വിധാൻ സൗധയുടെ വാതിലടയ്ക്കുകയും മാധ്യമങ്ങളെയും പുറത്താക്കുകയും ചെയ്തു. രാജി വച്ച കോൺഗ്രസ്‌ എംഎൽഎമാരായ കെ സുധാകറിനെയും എംടിബി നാഗരാജിനെയും അനുനയിപ്പിക്കാൻ വലിയ ശ്രമമാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്.

കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ട് റാവു സുധാകറുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്‌ നേതാക്കൾ സുധാകറിനെ ബലമായി പിടിച്ചുകൊണ്ടു പോവുകയും ചെയ്തു. തുടർന്നുണ്ടായ നാടകീയ മുഹൂർത്തങ്ങൾക്കൊടുവിലാണ് പിസിസി അധ്യക്ഷന്‍റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ എല്ലാ കവാടങ്ങളും അടച്ചത്.

അതേ സമയം മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഡികെ ശിവകുമാറിനെ രക്ത സമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ശേഷം വിട്ടയച്ചു. എംഎൽഎമാരെ കാണാൻ ആഗ്രഹമുണ്ടെങ്കിലും തത്കാലം മുംബൈ പൊലീസ് നിർദ്ദേശിച്ച പ്രകാരം ബെംഗളുരുവിലേക്ക് മടങ്ങുമെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

എന്നാൽ, വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ കൃത്യമായ സമയത്ത് തീരുമാനം ഉണ്ടാകുമെന്ന് കർണാടക സ്പീക്കർ രമേശ് കുമാർ പറഞ്ഞു. ബിജെപി തിടുക്കം കാണിക്കുന്നത് പോലെ തീരുമാനം കൈക്കൊള്ളാൻ കഴിയില്ല. നിയമപരമായേ മുന്നോട്ട് പോകൂ. നാളെയും എത്ര പേർ രാജിക്കത്തുമായി വന്നാലും സ്വീകരിക്കുമെന്നും സ്പീക്കർ രമേശ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എംഎൽഎമാരെ ഈ മാസം 17 ന് കാണുമെന്നും സ്പീക്കർ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഇന്ന് ഗവര്‍ണറെ കണ്ടിരുന്നു. 16 എംഎൽഎമാരുടെ രാജിയോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നാണ് ബിജെപി നേതാക്കൾ ഗവര്‍ണര്‍ വാജുഭായി വാലക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ പുറത്താക്കാൻ തയ്യാറാകണമെന്ന് ബിഎസ് യദ്യൂരപ്പ ആവശ്യപ്പെട്ടു. 

വിശ്വാസ വോട്ടെടുപ്പിന്‍റെ പ്രശ്നം പോലും ഉദിക്കുന്നില്ലെന്ന് ബിഎസ് യദ്യൂരപ്പ പറഞ്ഞു. കുമാര സ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പോലും ബിജെപി ഇപ്പോൾ ആവശ്യപ്പെടുന്നില്ലെന്നതും ശ്രദ്ധേയമാണ്. വിമതരുടെ രാജിയിൽ ഉടൻ തീരുമാനമെടുക്കാൻ സ്പീക്കറോട് ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് കൂടിയാണ് ബിജെപി നേതാക്കൾ ഗവര്‍ണറെ കണ്ടത്.

click me!