'കെഎസ്ആര്‍ടിസി എന്ന പേര് മാറ്റില്ല, തുടര്‍ന്നും ഉപയോഗിക്കും'; കേരളത്തിന്‍റെ വാദം തെറ്റെന്ന് കര്‍ണാടകം

By Web TeamFirst Published Jun 4, 2021, 6:47 PM IST
Highlights

48 വർഷം ഉപയോഗിച്ച പേര് തിരിച്ചുപിടിക്കാന്‍ നിയമപോരാട്ടം തുടരുമെന്നാണ് കർണാടക ആർടിസി അധികൃതർ വ്യക്തമാക്കുന്നത്.

ബെംഗളൂരു: കെഎസ്ആർടിസിയെന്ന പേര് മാറ്റില്ലെന്ന് കർണാടകം. തങ്ങളുടെ ഹർജിയില്‍ അന്തിമവിധിയൊന്നും ഇതുവരെ വന്നിട്ടില്ലെന്നും, കേരളത്തിന്‍റെ അവകാശവാദങ്ങൾ വസ്തുതാപരമായി തെറ്റാണെന്നും കർണാടക ആർടിസി എം‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു. 

തങ്ങളുടെ ഹർജി പരിഗണിക്കുന്ന ഇന്‍റെലക്ച്വല്‍ പ്രോപ്പർട്ടി അപ്പലേറ്റ് ബോർഡിനെ കേന്ദ്രം കഴിഞ്ഞ ഏപ്രിലില്‍ ഓർഡിനന്‍സിലൂടെ പിരിച്ചുവിട്ടിരുന്നു. ബോർഡ് പരിഗണിച്ചുവന്നിരുന്ന ഹർജികൾ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ട്രേഡ്മാർക്ക് രജിസ്ട്രിയുടെ വിധി ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസിയെന്ന പേര് തുടർന്നും ഉപയോഗിക്കും. ഇതിന് നിയമപരമായി യാതൊരു തടസവുമില്ലെന്നാണ് കേരളത്തിന്‍റെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ട് കർണാടക ആർടിസി എംഡി നിരത്തുന്ന വാദങ്ങള്‍.

കേരളം വിധിയുടെ പകർപ്പ് നല്‍കിയാല്‍ വിശദമായ മറുപടി നല്‍കുമെന്നും കർണാടക ആർടിസി എംഡി പ്രസ്താവനയിലൂടെ അറിയിച്ചു. കർണാടക ആർടിസി ഉദ്യോഗസ്ഥർ വിധിയുടെ പകർപ്പ് നല്‍കാനാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആന്‍റണി രാജുവിനെയും സമീപിച്ചിട്ടുണ്ട്. ഇത് ലഭിച്ച ശേഷമായിരിക്കും തുടർ നിയമനടപടികൾ. എന്നാല്‍ കെഎസ്ആർടിസി എന്ന പേര് കർണാടകത്തിന് വിട്ടു നല്‍കാനാകില്ലെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാക‍ർ ആവർത്തിച്ചു. വരുമാനത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. നയപരമായി വിഷയം കർണാടകത്തെ അറിയിക്കുമെന്നും ആവശ്യമെങ്കില്‍ സെക്രട്ടറി തലത്തിലും മന്ത്രിതലത്തിലും ചർച്ച നടത്തുമെന്നും ബിജു പ്രഭാകർ പ്രതികരിച്ചു.

click me!