കർണാടകത്തിൽ ഇന്ന് നിർണായക ദിനം; വിമത എംഎൽഎമാരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും

By Web TeamFirst Published Jul 9, 2019, 6:02 AM IST
Highlights

10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. വിധാൻ സൗധയിൽ ഇന്ന് ചേരുന്ന കോൺഗ്രസ്‌ നിയമസഭാ കക്ഷിയോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം.  

ബെംഗളുരു: കർണാടകത്തിൽ ഇന്ന് നിർണായക ദിനം. 13 വിമത എംഎൽഎമാരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. 

മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം. രാവിലെ 9:30ന് വിധാൻ സൗധയിൽ കോൺഗ്രസ്‌ നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎൽഎമാർക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നൽകിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് നീക്കം. 'തമിഴ്‍നാട്' മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്‍റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോൺഗ്രസ്‌ പറയുന്നു. 

Read More: 'കർ'നാടകം കോടതി കയറിയേക്കും: 107 പേർ ഒപ്പമുണ്ടെന്ന് യെദിയൂരപ്പ: എംഎൽഎമാർ 'മുംബൈ ടു ഗോവ'

തമിഴ്‍നാട്ടിൽ ടിടിവി ദിനകരനൊപ്പം പോയതിന്‍റെ പേരിൽ എംഎൽഎമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. സ്പീക്കർക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാർട്ടി ചീഫ് വിപ്പിന്‍റെ ശുപാർശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും, അത് വഴി, കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യ സർക്കാരിന്‍റെ ലക്ഷ്യം. ഇപ്പോൾ പ്രതിഷേധിച്ച് നിൽക്കുന്ന 14 പേരിൽ നാലോ അഞ്ചോ പേരെയെങ്കിലും ഒപ്പം കിട്ടിയാൽ കേവലഭൂരിപക്ഷം തികയ്ക്കാം. ഇതിന് വേണ്ടിയാണ് അടിയന്തരമായി കോൺഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രവുമായ ഡി കെ ശിവകുമാർ നേരിട്ട് മുംബൈയിലെത്തുന്നത്. 

മുംബൈയിലെത്തിയ മന്ത്രി ഡി കെ ശിവകുമാർ എംഎൽഎമാരെ കാണാൻ ശ്രമിക്കുന്നുണ്ട്. രാമലിംഗ റെഢിയെ ഉപമുഖ്യമന്ത്രിയാക്കിയാൽ അഞ്ച് എംഎൽമാരെ തിരികെയെത്തിക്കാമെന്ന് കോൺഗ്രസ്‌ കണക്കുകൂട്ടുന്നുണ്ട്. രാജിവച്ച രണ്ട് സ്വാതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയ ബിജെപി 107 എംഎൽഎമാർ ഒപ്പം ഉണ്ടെന്ന് അവകാശപ്പെടുന്നു. ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ തുടരുകയാണ്. എംഎൽഎമാരുമായി കോൺഗ്രസും ജെഡിഎസും ഗവർണറെ കണ്ടേക്കും. അതേസമയം, മുഴുവൻ മന്ത്രിമാരെയും രാജിവെപ്പിച്ച് പുനഃസംഘടനക്ക് തയ്യാറെന്ന് കോൺഗ്രസും ജെഡിഎസും അറിയിച്ചിട്ടും വിമതർ നിലപാട് വ്യക്തമാക്കിയിട്ടില്ല. 

Read More: കർ'നാടക'ത്തിൽ ഇനിയെന്ത് സംഭവിക്കും? കണക്കുകൾ പറയുന്നതെന്ത്? സാധ്യതകൾ എന്തൊക്കെ?

click me!