Asianet News MalayalamAsianet News Malayalam

'കർ'നാടകം കോടതി കയറിയേക്കും: 107 പേർ ഒപ്പമുണ്ടെന്ന് യെദിയൂരപ്പ: എംഎൽഎമാർ 'മുംബൈ ടു ഗോവ'

രാജി വച്ച വിമതർ ബെംഗളുരുവിൽ നിന്ന് മുംബൈയിലേക്ക്, അവിടെ നിന്ന് ഗോവയിലേക്ക്. ജെഡിഎസ് എംഎൽഎമാർ ദേവനഹള്ളിയിലെ റിസോർട്ടിൽ. കുഴഞ്ഞു മറിയുകയാണ് കർണാടക രാഷ്ട്രീയം. 

drama in karnataka continues support for bjp increases mlas being shifted to goa
Author
Bengaluru, First Published Jul 8, 2019, 9:45 PM IST

ബെംഗളുരു: മന്ത്രിപദവി വച്ചു നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിച്ച് കോൺഗ്രസ് നേതൃത്വം. ബെംഗളുരുവിൽ നിയമവിദഗ്‍ധരുമായി ചർച്ച നടത്തുകയാണ് കെ സി വേണുഗോപാലുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ. 'തമിഴ്‍നാട്' മോഡലിൽ എംഎൽഎമാരെ അയോഗ്യരാക്കി സർക്കാരിന്‍റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം.

തമിഴ്‍നാട്ടിൽ ടിടിവി ദിനകരനൊപ്പം പോയതിന്‍റെ പേരിൽ എംഎൽഎമാരെ കൂട്ടത്തോടെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെ അയോഗ്യരാക്കിയിരുന്നു. സ്പീക്കർക്കാണ് അയോഗ്യതാ നടപടി സ്വീകരിക്കാനുള്ള അധികാരമുള്ളത്. ഇതിന് പാർട്ടി ചീഫ് വിപ്പിന്‍റെ ശുപാർശക്കത്ത് വേണം. സഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുകയും, അത് വഴി, കേവലഭൂരിപക്ഷത്തിനുള്ള എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് സഖ്യ സർക്കാരിന്‍റെ ലക്ഷ്യം. ഇപ്പോൾ പ്രതിഷേധിച്ച് നിൽക്കുന്ന 14 പേരിൽ നാലോ അഞ്ചോ പേരെയെങ്കിലും ഒപ്പം കിട്ടിയാൽ കേവലഭൂരിപക്ഷം തികയ്ക്കാം. ഇതിന് വേണ്ടിയാണ് അടിയന്തരമായി കോൺഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രവുമായ ഡി കെ ശിവകുമാർ നേരിട്ട് മുംബൈയിലെത്തുന്നത്. 

അതേസമയം, ശിവകുമാർ മുംബൈയിലെത്തി നേരിട്ട് കാണും മുൻപ് എംഎൽഎമാർ ഗോവയിലേക്ക് പോവുകയാണ്. അതേസമയം, കേവലഭൂരിപക്ഷത്തിനുള്ള എംഎൽഎമാർ ഒപ്പമുണ്ടെന്നും സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് യെദിയൂരപ്പ കളത്തിലിറങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ രാജി വച്ച എംഎൽഎമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെപിജെപി എംഎൽഎ ആർ ശങ്കറും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭയിൽ 105 എംഎൽഎമാർ സ്വന്തമായുള്ള ബിജെപിക്ക് ഇതോടെ 107 ആയി ഭൂരിപക്ഷം എന്നാണ് യെദിയൂരപ്പ അവകാശപ്പെടുന്നത്. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗനിയമസഭയിൽ 211 ആയി ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള അംഗസംഖ്യ, അതായത് കേവലഭൂരിപക്ഷം 106 ആയി കുറയും. അതായത് അധികാരത്തിലേറാൻ 107 എംഎൽഎമാർ മതിയെന്നർത്ഥം. ഈ 107 സ്വന്തം കയ്യിലുണ്ടെന്നാണ് യെദിയൂരപ്പ പറയുന്നത്. 

ഇതിനിടെ കോൺഗ്രസിന് തലവേദനയായി ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബെയ്‍ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ''കോൺഗ്രസ് നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാൻ രാജി വയ്ക്കുകയാണ്'', ബെയ്‍ഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ബെയ്‍ഗ് രാജി വയ്ക്കുമെന്ന സൂചന മാധ്യമങ്ങൾക്ക് നൽകിയിരുന്നു. രാജി വച്ചവർക്ക് മന്ത്രിസ്ഥാനമെന്ന ഫോർമുല തൽക്കാലം സഖ്യസർക്കാരിനെ നിലനിർത്തിയാലും, ദൾ - കോൺഗ്രസ് സഖ്യത്തിനുള്ളിൽ വരുംദിവസങ്ങളിലും വലിയ കലഹത്തിന് വഴി വച്ചേക്കുമെന്ന സൂചന നൽകുന്നതാണ് ഈ രാജികളെല്ലാം. 

ഇതിനിടെ ജെഡിഎസ് എംഎൽഎമാരെ കൂട്ടത്തോടെ ദേവനഹള്ളിയിലെ റിസോർട്ടിലേക്ക് മാറ്റി. നേരത്തേ കുടകിലെ പാഡിംഗ്‍ടൺ റിസോ‍ർട്ടിലേക്ക് എംഎൽഎമാരെ മാറ്റാമെന്നാണ് കരുതിയിരുന്നതെങ്കിലും പ്ലാൻ മാറ്റി ദേവനഹള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നാളെയാണ് സ്പീക്കർ വിധാൻ സൗധയിൽ തിരിച്ചെത്തുന്നത്. നാളെ രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാലോ അഞ്ചോ എംഎൽഎമാരെ ഒപ്പമെത്തിച്ചാൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസർക്കാർ.

നാളെ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്നത് കോൺഗ്രസ് വിമതർക്ക് നൽകുന്ന അന്ത്യശാസനമാണ്. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താകും. തിരിച്ച് വന്നാൽ വാഗ്‍ദാനം മന്ത്രിപദവിയും. ഇത് വിമതർക്കുള്ള അവസാന അവസരമാണെന്നാണ് കെ സി വേണുഗോപാൽ തന്നെ പറഞ്ഞത്. 

ഈ സാധ്യതകൾ അടഞ്ഞാൽ, പിന്നെ പന്ത് ഗവർണറുടെ കോർട്ടിലാണ്. ബിജെപിയെ വിളിച്ച് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണോ അതോ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണോ എന്നതെല്ലാം ഗവർണർ വാജുഭായ് വാല തീരുമാനിക്കും. ഇത് പരമാവധി ഒഴിവാക്കാനാണ് കോൺഗ്രസും ദളും ശ്രമിക്കുന്നത്. രാജിപ്രളയം വന്നപ്പോൾ വിധാൻ സൗധയിൽ നിന്ന് രക്ഷപ്പെട്ട സ്പീക്കർ കെ ആർ രമേശ് കുമാർ ഒരർത്ഥത്തിൽ സർക്കാരിന് സമയം നൽകുകയാണ്. അതിന് മുമ്പ് പ്രശ്നങ്ങൾ ഒത്തു തീർക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. 

Read More: കർ'നാടക'ത്തിൽ ഇനിയെന്ത് സംഭവിക്കും? കണക്കുകൾ പറയുന്നതെന്ത്? സാധ്യതകൾ എന്തൊക്കെ?

Follow Us:
Download App:
  • android
  • ios