Asianet News MalayalamAsianet News Malayalam

കർ'നാടക'ത്തിൽ ഇനിയെന്ത് സംഭവിക്കും? കണക്കുകൾ പറയുന്നതെന്ത്? സാധ്യതകൾ എന്തൊക്കെ?

കർണാടക സർക്കാർ തുലാസ്സിലാണ്. എന്തുവേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥ. സർക്കാർ‍ താഴെ വീഴുമോ അതോ വാഴുമോ? സാധ്യതകളും കണക്കിലെ കളികളും എന്തൊക്കെ?

all possible scenarios and number game in karnataka explained
Author
Bengaluru, First Published Jul 8, 2019, 5:14 PM IST

ബെംഗളുരു: 'പൂഴിക്കടകൻ' പുറത്തെടുത്തിരിക്കുകയാണ് ദൾ - കോൺഗ്രസ് നേതൃത്വങ്ങൾ. എങ്ങനെയെങ്കിലും കർണാടക സർക്കാരിനെ നിലനിർത്തുകയെന്നത് മാത്രമാണ് ലക്ഷ്യം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയൊഴികെ ബാക്കിയെല്ലാ മന്ത്രിമാരും രാജി വച്ചിരിക്കുന്നു. പ്രതിഷേധിച്ച് എംഎൽഎ പദവികൾ രാജി വച്ച 14 പേരെ, മന്ത്രിപദവി കാണിച്ച് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ദൾ - കോൺഗ്രസ് നേതാക്കൾ. നാളെ വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുത്തേ തീരൂ എന്നതാണ് അന്ത്യശാസനം. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താകും. തിരിച്ച് വന്നാൽ വാഗ്‍ദാനം മന്ത്രിപദവിയും.

ഈ സാധ്യതകൾ അടഞ്ഞാൽ, പിന്നെ പന്ത് ഗവർണറുടെ കോർട്ടിലാണ്. ബിജെപിയെ വിളിച്ച് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണോ അതോ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണോ എന്നതെല്ലാം ഗവർണർ വാജുഭായ് വാല തീരുമാനിക്കും. ഇത് പരമാവധി ഒഴിവാക്കാനാണ് കോൺഗ്രസും ദളും ശ്രമിക്കുന്നത്. രാജിപ്രളയം വന്നപ്പോൾ വിധാൻ സൗധയിൽ നിന്ന് രക്ഷപ്പെട്ട സ്പീക്കർ കെ ആർ രമേശ് കുമാർ ഒരർത്ഥത്തിൽ സർക്കാരിന് സമയം നൽകുകയാണ്. 

കർ'നാടകം' തുടരുമ്പോൾ കണക്കിലെ കളികളെന്ത്?

 

 

ആകെ കർണാടക നിയമസഭയിൽ അംഗസംഖ്യ - 225 (സ്പീക്കറെയും നോമിനേറ്റഡ് അംഗത്തെയും ചേർത്ത്)

കേവലഭൂരിപക്ഷം - 113 

കോൺഗ്രസ് + ദൾ + കെപിജെപി + ബിഎസ്‍പി + നോമിനേറ്റഡ് = 119

ബിജെപി - 105

രാജിക്കത്തുകളെല്ലാം സ്വീകരിച്ചാൽ:

11 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരുമാണ് രാജി വച്ചത്. രാജിക്കത്തുകൾ സ്വീകരിക്കപ്പെട്ടാൽ, 

225 അംഗ നിയമസഭയിലെ എണ്ണം - 225-14 = 211 ആയി ചുരുങ്ങും.

അപ്പോൾ കേവലഭൂരിപക്ഷത്തിന് വേണ്ട എണ്ണം 211 / 2 = 106 (105.5 എന്ന സംഖ്യ 106 തന്നെയായി കണക്കാക്കും) 

അധികാരം കിട്ടാൻ വേണ്ട എണ്ണം = 106 + 1 = 107. 

ഇതിനിടെ സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച്, സ്വതന്ത്രൻ എച്ച് നാഗേഷ് മന്ത്രിപദവി രാജി വച്ച്, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരംഗം കൂടി സഖ്യസർക്കാരിൽ നിന്ന് കുറഞ്ഞു. കെപിജെപിയും പിന്തുണ പിൻവലിച്ച് ബിജെപിക്കൊപ്പം പോയി. കൂടെ ഒരു കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്‍ഗ് രാജി വച്ചു. ഇതോടെ,

കോൺഗ്രസിന്‍റെയും ജെഡിഎസ്സിന്‍റെയും അംഗസംഖ്യ = 119 - 6 = 103

ബിജെപി - 105 + 2 (സ്വതന്ത്രന്‍റെയും കെപിജെപിയുടെയും പിന്തുണ) = 107 

കർണാടക സർക്കാരിന്‍റെ ഭാവി സാധ്യതകൾ

സാധ്യത 1:

എല്ലാ വിമത എംഎൽഎമാരും വാഗ്ദാനം സ്വീകരിച്ച് തിരിച്ചുവന്നാൽ, സർക്കാർ താഴെ വീഴില്ല. പക്ഷേ, പുതിയ മന്ത്രിസഭയുണ്ടാകും. മന്ത്രിമാരെല്ലാം മാറും. ഈ നീക്കവുമായാണ് ഇപ്പോൾ കോൺഗ്രസ് - ദൾ നേതാക്കൾ മുന്നോട്ടുപോകുന്നത്. 

അങ്ങനെയെങ്കിൽ കുമാരസ്വാമി മാറുമോ? സാധ്യതകളിങ്ങനെയാണ്: കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുകയോ അതല്ലെങ്കിൽ കോൺഗ്രസിൽ നിന്ന് മറ്റൊരു മുഖ്യമന്ത്രി വരികയോ ചെയ്യും

സാധ്യത 2:

എല്ലാ രാജിക്കത്തുകളും അംഗീകരിച്ചാൽ ഇപ്പോഴത്തെ കണക്കുകൾ നോക്കിയാൽ, ബിജെപിക്കും സാധ്യതകളുണ്ട്. ബിജെപിക്ക് ഇപ്പോൾ ഒരു സ്വതന്ത്രനെക്കൂടി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൃത്യം കേവലഭൂരിപക്ഷത്തിലാണ് ബിജെപി നിൽക്കുന്നത്. 107 പേർ. കോൺഗ്രസ് - ജെഡിഎസ് സഖ്യത്തിൽ 103 പേ‍ർ മാത്രം. 

അങ്ങനെയെങ്കിൽ സർക്കാർ താഴെ വീഴും. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ഗവർണർക്ക് ക്ഷണിക്കാം. 

സാധ്യത 3: 

എല്ലാ രാജിക്കത്തുകളും അംഗീകരിച്ചാൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാകും. അങ്ങനെയെങ്കിൽ ഗവർണർക്ക് ആരെയും സർക്കാരുണ്ടാക്കാൻ ക്ഷണിക്കാതെ നിയമസഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ശുപാർശ ചെയ്യാം. 

അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം

സാധ്യത 4:

ഏറ്റവും വിദൂരമായ ഒരു സാധ്യത തൂക്ക് നിയമസഭ വരുമെന്നതാണ്. കോൺഗ്രസ് സഖ്യത്തിൽ നിന്ന് പിൻമാറിയാൽ സഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വരും. അങ്ങനെയെങ്കിൽ സഭയിലെ കേവലഭൂരിപക്ഷം 113 ആയിത്തന്നെ നിലനിർത്താം. ബിജെപിക്ക് സർക്കാരുണ്ടാക്കാനാകില്ല. തൽക്കാലം ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ ഇരുപാർട്ടികൾക്കും കഴിയും.

അപ്പോൾ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടത്താൻ പ്രഖ്യാപിച്ചേ തീരൂ. അങ്ങനെയെങ്കിൽ ഗവർണർക്ക് തെരഞ്ഞെടുപ്പ് നടക്കുംവരെ കുമാരസ്വാമിയെ കാവൽ മുഖ്യമന്ത്രിയായി നിലനിർത്താം, അതല്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാം

Follow Us:
Download App:
  • android
  • ios