
ബെലഗാവി: മഹാരാഷ്ട്രയുമായുള്ള അതിർത്തി തർക്കത്തിൽ ജയിക്കാൻ പണം വാരിയെറിഞ്ഞ് കർണാടക. സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കർണാടകക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക സംഘത്തിന് പ്രതിദിനം 59.90 ലക്ഷം രൂപ ഫീസ് നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ശ്യാം ദിവാൻ, ഉദയ് ഹോള, മാരുതി സിർലി, വി എൻ രഘുപതി എന്നിവരടങ്ങുന്ന അഭിഭാഷക സംഘമാണ് കർണാടകക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിക്ക് സുപ്രീം കോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 22 ലക്ഷം രൂപയും കേസ് രേഖകൾ തയ്യാറാക്കുന്നതിന് 5.50 ലക്ഷം രൂപയും ലഭിക്കും. ശ്യാം ദിവാന് ഒരു ഹിയറിംഗിന് 6 ലക്ഷം രൂപയും മറ്റുചെലവുകൾക്കായി 1.50 ലക്ഷം രൂപയും വിദേശ സന്ദർശനങ്ങൾക്ക് 10 ലക്ഷം രൂപയും പ്രതിദിനം നൽകും.
കർണാടകയിലെ അഡ്വക്കേറ്റ് ജനറലിന് പ്രതിദിനം മൂന്ന് ലക്ഷം രൂപയും മറ്റ് ചെലവുകൾക്ക് 1.25 ലക്ഷം രൂപയും വിദേശ സന്ദർശനങ്ങൾക്ക് പ്രതിദിനം 2 ലക്ഷം രൂപയും ലഭിക്കും. അഭിഭാഷകനായ ഉദയ ഹൊള്ളയ്ക്ക് സുപ്രീംകോടതിയിൽ ഹാജരാകുന്നതിന് പ്രതിദിനം 2 ലക്ഷം രൂപയും മറ്റുചെലവുകൾക്ക് 2.15 ലക്ഷം രൂപയും വിദേശ സന്ദർശനത്തിന് 1.50 ലക്ഷം രൂപയും ലഭിക്കും. സംഘത്തിലെ മറ്റ് അഭിഭാഷകർക്കും സഹായികൾക്കും മികച്ച പ്രതിഫലമാണ് നൽകുന്നത്. കർണാടകയിലെ 814 പ്രദേശങ്ങൾ മഹാരാഷ്ട്രയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ 2004ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്നത്തെ കർണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണ സംഭവത്തിൽ ഉപദേശക സമിതി രൂപീകരിച്ചു.
സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം സംബന്ധിച്ച കേസുകൾ കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പാർലമെന്റിന് മാത്രമേ അധികാരമുള്ളൂവെന്നുമാണ് അന്ന് കർണാടക സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ, കേസ് ഇനി വാദം കേൾക്കുമ്പോൾ ഇതേ നിലപാട് കോടതിയിൽ സ്വീകരിക്കുമോയെന്ന് കണ്ടറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam