ഫൈവ്സ്റ്റാര്‍ ആട്; കറുമ്പിയുടെ ഹാപ്പി ബെ‍ർത്ത് ഡേ പൊളിയായി, ആടിന്‍റെ ജന്മദിനം ഗ്രാമം ആഘോഷമാക്കാൻ കാരണമുണ്ട്!

By Manu SankarFirst Published May 4, 2022, 6:06 PM IST
Highlights

കര്‍ഷകരായ കൃഷ്ണമൂര്‍ത്തിയും ഭാര്യ മഞ്ജുളയും വളര്‍ത്തുന്ന ആടാണ് കറുമ്പി. ജനിച്ച് മൂന്ന് മാസത്തിനകം കറുമ്പിയുടെ അമ്മയാട് ചത്തു. ഇതോടെ പ്രത്യേക കരുതല്‍ നല്‍കിയാണ് കുടുംബം കറുമ്പിയെ വളര്‍ത്തുന്നത്

കറുമ്പിയുടെ ഒന്നാം ജന്മദിനത്തിന്‍റെ ആഘോഷത്തിലാണ് കര്‍ണാടക ചിത്രദുര്‍ഗയിലെ ഗൊല്ലരഹട്ടി ഗ്രാമം. കേക്ക് മുറിച്ച്, സദ്യ വിളമ്പി, പടക്കം പൊട്ടിച്ചാണ് കറുമ്പി എന്ന ഈ ആടിന്‍റെ ജന്മദിനം ഗ്രാമം ആഘോഷിച്ചത്.

കര്‍ഷകരായ കൃഷ്ണമൂര്‍ത്തിയും ഭാര്യ മഞ്ജുളയും വളര്‍ത്തുന്ന ആടാണ് കറുമ്പി. ജനിച്ച് മൂന്ന് മാസത്തിനകം കറുമ്പിയുടെ അമ്മയാട് ചത്തു. ഇതോടെ പ്രത്യേക കരുതല്‍ നല്‍കിയാണ് കുടുംബം കറുമ്പിയെ വളര്‍ത്തുന്നത്. വീട്ടില്‍ തന്നെ കറുമ്പിക്കായി പ്രത്യേക മുറിയും കിടക്കപോലുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കറുമ്പിയെ കെട്ടി ഇടാറില്ല. കൊതുക് വലയും ഫാനും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. വീട്ടിലെ ഭക്ഷണം തന്നെയാണ് കറുമ്പിക്ക് കഴിക്കാന്‍ നല്‍കുന്നതും. ഇഡ്ഡലി, ചപ്പാത്തി, ദോശ, മിക്സചര്‍, കടല മുതല്‍ പായസം വരെ കറുമ്പിയുടെ ഭക്ഷണമെനുവില്‍ വരും.

മക്കളില്ലാത്ത കൃഷ്ണമൂര്‍ത്തിക്കും ഭാര്യ മഞ്ജുളയ്ക്കും സ്വന്തം മകളെ പോലെയാണ് ഈ ആട്. അവശത തോന്നിയാല്‍ സ്വന്തം സ്കൂട്ടറിന്‍റെ പുറകില്‍ ഇരുത്തിയാണ് കറുമ്പിയെ കൃഷ്ണമൂര്‍ത്തി ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നത്. കൃഷി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴേക്കും ഇരുവരെയും കാത്ത് വീടിന്‍റെ  പടിക്കല്‍ കറുമ്പി നില്‍ക്കുന്നുണ്ടാവും. കൈയ്യില്‍ സ്ഥിരം കരുതുന്ന പഴങ്ങള്‍ നല്‍കിയാണ് ഈ സ്നേഹത്തിന് കുടുംബം കരുതല്‍ നല്‍കുന്നത്. സമീപവാസികളുടെയും അടുപ്പക്കാരിയാണ് കറുമ്പി. പ്രത്യേകം പഴങ്ങളും ഭക്ഷണവും നാട്ടുകാര്‍ കറുമ്പിക്കായി വീട്ടിലെത്തിച്ച് നല്‍കാറുണ്ട്. കറുമ്പിക്കൊപ്പം സെല്‍ഫി എടുക്കുന്നതിന്‍റെ തിരക്കിലാണ് കുട്ടികള്‍. ഗൊല്ലരഹട്ടിയുടെ മുഴുവന്‍ കുറുമ്പിയാണ് ഇന്ന് ഈ കറുമ്പി.

click me!