
ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതിപ്പട്ടികയിലുള്ള ടിവികെ സംസ്ഥാന നേതാക്കൾ പൊലീസ് നിരീക്ഷണത്തിലെന്ന് അന്വേഷണസംഘം. വിജയ് യുടെ നീക്കങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് അന്വേഷണസംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ദുരന്തത്തിൽ വിജയ്‍യെ പഴിച്ച് ഡിഎംകെ മുൻമന്ത്രി സെന്തിൽ ബാലാജി രംഗത്തെത്തി. കുടിവെള്ളം പോലും ഒരുക്കാതെയും യോഗത്തിന് വൈകിയെത്തിയും വിജയ് ആണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ബാലാജി കുറ്റപ്പെടുത്തി.
ടിവികെ ഭാരവാഹികളെ പൂട്ടാൻ അതിവേഗനീക്കങ്ങളുമായി അന്വേഷണസംഘം. പ്രതിപ്പട്ടികയിലുള്ള ടിവികെ ജനറൽ സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് സെക്രട്ടറി സി. ടി. നിർമൽ കുമാർ എന്നിവരുടെ പിന്നാലെയുള്ളത് മൂന്ന് പ്രത്യേക സംഘങ്ങൾ. ഇരുവരെയും കൃത്യമായ അകലത്തിൽ പിന്തുടരുന്നതായും മുൻകൂർ ജാമ്യാപേക്ഷ തള്ളിയാലുടൻ അതിവേഗ നടപടികളുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് വെള്ളിയാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും അതിനു മുൻപ് അറസ്റ്റ് വേണ്ടെന്നുമാണ് നിലവിലെ ധാരണ.
നീലാങ്കരയിലെ വീട്ടിൽ തുടരുന്ന വിജയ് നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടത്തുന്നുതായാണ് വിവരമെന്നും തുടർനീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം വിജയ് പ്രതിക്കൂട്ടിൽ നിർത്തുന്ന ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജി ,tvk റാലിയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് വാർത്താസമ്മേളനവുമായി മറുപടി നൽകി. വിജയ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സ്വന്തം പിഴവുകൾ മറച്ചുവച്ച് സർക്കാരിന് മേൽ പഴിചാരാനാണ് ശ്രമം എന്നും ബാലാജി ആരോപിച്ചു. എന്നും അമിതവേഗത്തിൽ
വാഹനം ഓടിക്കുന്നയാൾ ഒരു ദിവസം മാത്രം അപകടം സംഭവിച്ചതിന്റെ കാരണം ചോദിക്കുന്നത് പോലെയാണ് വിജയുടെ വാദങ്ങൾ എന്നും ബാലാജി പരിഹസിച്ചു. അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ പോകാതെ ഞാൻ എന്ത് ചെയ്യണം? 'ടിക്കറ്റെടുത്ത് ചെന്നൈക്ക് പോകണമായിരുന്നോ? ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ വീടുകളിലെത്തി സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായധനം വിതരണം ചെയ്തും കരൂരിൽ സജീവമായ ബാലാജി, ടിവികെ ആരോപണങ്ങൾ കൂസാനില്ലെന്ന സന്ദേശമാണ് നൽകുന്നത്.