
ചെന്നൈ: രാജ്യത്തെ നടുക്കി ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. തിക്കിലും തിരക്കിലും പെട്ട് ഒമ്പത് കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ് 111 പേരാണ് ആശുപതിയിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നു. നടപടികള്‍ക്കുശേഷം പുലര്‍ച്ചെ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. തമിഴ്നാട് സര്‍ക്കാര്‍ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുലർച്ചെ 3.25 ഓടെയാണ് കരൂരിലെത്തി മരിച്ചവർക്ക് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമെന്നും വിവരിക്കാനാകാത്ത ദുരന്തമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയനാകില്ലെന്നായിരുന്നു മറുപടി. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ എംകെ സ്റ്റാലിൻ പൊലീസ് വീഴ്ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചില്ല.
കരൂർ വേലുച്ചാമിപുരത്ത് ഇന്നലെ വൈകീട്ട് 7ന് ആണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്കു ശേഷമാണ് വിജയ് കരൂരിലെത്തിയത്. അപകടത്തിന് തൊട്ടുമുൻപ്, തിരക്കു നിയന്ത്രിക്കാനും ആളുകൾക്ക് വെള്ളക്കുപ്പികൾ എത്തിക്കാനും പൊലീസിന്‍റെ സഹായം മൈക്കിലൂടെ വിജയ് ആവശ്യപ്പെട്ടിരുന്നു. സഹായം ലഭിച്ചില്ലെന്ന് പിന്നീട് വിജയ് തന്നെ പരാതിപ്പെടുകയും ചെയ്തു. വെള്ളക്കുപ്പികൾ ആവശ്യത്തിന് സംഘാടകർ എത്തിച്ചിരുന്നുവെങ്കിലും തിരക്കുകാരണം വിതരണം ചെയ്യാനായില്ല. നിർജലീകരണം സംഭവിച്ച് ഏതാനും പേർ കുഴഞ്ഞുവീണതോടെയാണ് വിജയ് പൊലീസിന്‍റെ സഹായം മൈക്കിലൂടെ ആവശ്യപ്പെട്ടത്. പക്ഷേ, പൊലീസിന് എത്തിപ്പെടാൻ കഴിയാത്തത്ര തിരക്കായിരുന്നു. വിജയ് ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് റാലിയിൽ പങ്കെടുക്കാൻ കൂടുതലും എത്തിയത്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ മാത്രം ആയിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം. രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമടക്കമുള്ളവര്‍ അനുശോചിച്ചു. കരൂർ റാലിയിലുണ്ടായ ദുരന്തം അതീവ വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അമിത് ഷാ സ്റ്റാലിനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ദുരന്തത്തിൽ കരൂർ വെസ്റ്റ് ടിവികെ ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെ പ്രതി ചേർത്ത് കേസെടുത്തതായി തമിഴ്നാട് ഡിജിപി ഇൻചാര്‍ജ് അറിയിച്ചു.കേസിൽ അന്വേഷണം തുടരുകയാണെന്ന് ഡിജിപി ഇൻചാര്‍ജ് ജി.വെങ്കട്ടരാമൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഡിജിപി പ്രതികരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam