
കൊൽക്കത്ത: ഇന്ത്യൻ സായുധ സേനയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ നാദിയ അരംഘട്ടയിലെ ബിശ്വജിത് ബിശ്വാസ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ നാദിയയിലെ ജില്ലാ കോടതിയിൽ ഇയാളെ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം, പ്രതി മാപ്പ് പറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.
അയൽക്കാരും സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ട മറ്റു ചിലരും ചേർന്നാണ് ഇൻഫ്ലുവൻസറായ ബിശ്വജിത് ബിശ്വാസിനെതിരെ പരാതി നൽകിയത്. സൈന്യത്തെ അവഹേളിക്കുന്ന പോസ്റ്റുകൾ ഇടുന്നതിന് പുറമേ ഇയാൾ ലൈവിൽ വരാറുണ്ടായിരുന്നുവെന്നും, ഇതിലൂടെയും ആക്ഷേപകരമായ പദപ്രയോഗങ്ങൾ നടത്താറുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ചോദ്യം ചെയ്യലിൽ സൈന്യത്തിനെതിരെയുള്ള തന്റെ വിദ്വേഷത്തിന് പിന്നിലെ കാരണമൊന്നും ഇയാൾ തുറന്നു പറഞ്ഞില്ലെന്നും പൊലീസ് പറയുന്നു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സൈന്യത്തെ അപമാനിച്ച ചിലരെ പശ്ചിമ ബംഗാളിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. അതേ സമയം ബിശ്വജിത് ബിശ്വാസിന്റെ പെരുമാറ്റത്തിൽ പ്രദേശത്തെ പലരും അസ്വസ്ഥരാണെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam