'കസബ് തോക്കുമായി ലൈബ്രറിയില്‍ കയറിയിരുന്നെങ്കില്‍ നിരപരാധി ആയേനെ'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

By Web TeamFirst Published Feb 17, 2020, 6:15 PM IST
Highlights

തോക്കുമായി അന്ന് കസബ് ലൈബ്രറിയിലാണ് കയറിയിരുന്നതെങ്കില്‍ ഇന്ന് നിരപരാധിയെന്ന് വിളിക്കുമായിരുന്നുവെന്ന് കപില്‍ മിശ്ര. ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ചാണ് കപില്‍ മിശ്രയുടെ പ്രസ്താവന.

ദില്ലി: വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് കപില്‍ മിശ്ര. ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമത്തെ ന്യായീകരിച്ചാണ് കപില്‍ മിശ്രയുടെ പ്രസ്താവന. മുംബൈയില്‍ ഭീകരാക്രമണം നടത്തിയ ശേഷം ലൈബ്രറിയിലേക്ക് ഓടിക്കയറിയിരുന്നെങ്കില്‍ അജ്മല്‍ കസബും നിരപരാധി ആവുമായിരുന്നല്ലോയെന്നാണ് പ്രസ്താവന. 

തോക്കുമായി അന്ന് കസബ് ലൈബ്രറിയിലാണ് കയറിയിരുന്നതെങ്കില്‍ ഇന്ന് നിരപരാധിയെന്ന് വിളിക്കുമായിരുന്നുവെന്ന് കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. ജാമിയ മിലിയ സംഭവത്തില്‍ ദില്ലി പൊലീസിന്‍റെ വാദങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദ പരാമര്‍ശം. ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വിദ്വേഷപ്രചാരണത്തിന്‍റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ സ്ഥാനാര്‍ത്ഥി കൂടിയാണ് കപില്‍ മിശ്ര. ദില്ലി മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ നിന്ന് കപില്‍ മിശ്ര തോറ്റിരുന്നു. 

अगर उस दिन कसाब भागकर गन समेत लाइब्रेरी में घुस जाता तो इनोसेंट कहलाता ...

— Kapil Mishra (@KapilMishra_IND)

ഡ‍ിസംബർ 15ന് ദില്ലി ജാമിയ മിലിയ സർവകലാശാല ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലാത്തിയുമായി ഓടിക്കയരി വരുന്ന പൊലീസ്  പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ തല്ലുകയും, പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും പൊലീസ് ക്രൂരമായി തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു.

ഹെൽമറ്റും സംരക്ഷണ കവചവും ധരിച്ച പൊലീസുകാർ ലൈബ്രറിയിലേക്ക് ഇരച്ചുകയറി വിദ്യാർത്ഥികളെ യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മർദ്ദിക്കുന്നത് വ്യക്തമായി കാണാം. ജാമിയയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓ‍‌‌‌ർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്ത് വിട്ടത്. 

click me!