ഫാറൂഖ് അബ്ദുള്ള വീട്ടു തടങ്കലിലോ ? കശ്മീര്‍ കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

By Web TeamFirst Published Sep 16, 2019, 11:17 AM IST
Highlights

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. വൈക്കോ നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്. 

ദില്ലി: കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികൾ പരിഗണിച്ച് സുപ്രീംകോടതി. കശ്മീരിന്‍റെ അധികാരം എടുത്തുകളഞ്ഞതും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച  ഒരു കൂട്ടം ഹര്‍ജികളാണ്  സുപ്രീംകോടതി പരിഗണിച്ചത്. ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈകോ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണോ എന്ന് കോടതി ചോദിച്ചു.  വൈക്കോ നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കും. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് മുഹമ്മദ് യൂസഫ് താരിഗാമിയും കോടതിയിൽ പറഞ്ഞു

കശ്മീരിൽ മാധ്യമ പ്രവർത്തകർക്ക്സ്വതന്ത്രമായി സഞ്ചരിക്കാൻ അവസരം ഉണ്ടാക്കണമെന്ന ഹർജിയിൽ ഉത്തരവിടാൻ വിസമ്മതിച്ച സുപ്രീംകോടതി, ദേശീയ സുരക്ഷ മനസിൽ വെച്ച് മാധ്യമങ്ങൾ പ്രവർത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.കശ്മീരിൽ ആശുപത്രികളുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

ജമ്മു കശ്മീർ ഹൈക്കോടതിയിൽ ജനങ്ങൾക്ക് പോകാൻ കഴിയുന്നില്ലെന്ന പരാതിയിൽ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട്  സുപ്രീം കോടതി റിപ്പോർട്ട് തേടി. ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം സത്യമാണെങ്കിൽ താൻ കശ്മീരിൽ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

click me!