
ശ്രീനഗര്‍: കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സംഘത്തെയും മടക്കി അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. വീട്ടുതടങ്കലിൽ കഴിയുന്ന നേതാക്കളെ കാണാൻ ശ്രമിച്ചതിനാലാണ് രാഹുലിനെ മടക്കി അയച്ചതെന്നാണ് ഗവര്‍ണറുടെ വിശദീകരണം.
കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടെത്തി മനസ്സിലാക്കാനാണ് താന്‍ രാഹുലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, വീട്ടുതടങ്കലിലുള്ള നേതാക്കളെ കാണാനാണ് രാഹുല്‍ ശ്രമിച്ചത്. ഇക്കാരണത്താലാണ് അദ്ദേഹത്തെയും സംഘത്തെയും കശ്മീരില്‍ നിന്ന് മടക്കി അയച്ചതെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറയുന്നത്. ശനിയാഴ്ചയാണ് രാഹുലിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം കശ്മീരിലെത്തിയത്.
എന്നാല്‍, ശ്രീനഗര്‍ വിമാനത്താവളത്തില്‍ സംഘത്തെ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് മടക്കി അയയ്ക്കുകയുമായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. നേതാക്കളുടെ സന്ദർശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് അറിയിച്ചാണ് ജമ്മു കശ്മീര്‍ ഭരണകൂടം പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചത്.
നേരത്തെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീരില്‍ സംഘര്‍ഷാവസ്ത നിലനില്‍ക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ നേരിട്ടെത്തി അന്വേഷിച്ച ശേഷം ഇത്തരം പ്രസ്താവനകള്‍ നടത്തണമെന്നും കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിമാനം വിട്ടുതരാമെന്നും ഗവര്‍ണര്‍ രാഹുലിനോട് പറയുകയും ചെയ്തു. വിമാനം ആവശ്യമില്ലെന്നും ക്ഷണം സ്വീകരിക്കുകയാണെന്നും രാഹുല്‍ പ്രതികരിച്ചു. തുടര്‍ന്നാണ് രാഹുലും മറ്റു പ്രതിപക്ഷ നേതാക്കളും കശ്മീരിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam