
പട്ന: ബിഹാറിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ് ചോദ്യപേപ്പറിൽ കാശ്മീരിനെ വേറെ രാജ്യമായി സൂചിപ്പിക്കുന്ന ചോദ്യം ഉണ്ടായിരുന്നു എന്ന ആരോപണം പുതിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. ബിഹാർ വിദ്യാഭ്യാസ വകുപ്പ് 1 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഒക്ടോബർ 12 മുതൽ 18 വരെ മിഡ്‌ടേം പരീക്ഷകൾ നടത്തിയിരുന്നു. ഇങ്ങനെ നടത്തിയ ഏഴാം ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷയിലാണ് വിവാദമായ ചോദ്യം ഉള്ളത്.
'ഇനിപ്പറയുന്ന രാജ്യങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത്? ഒന്ന് നിങ്ങൾക്കായി ചെയ്തിരിക്കുന്നു' എന്നായിരുന്നു ചോദ്യങ്ങളുടെ തലക്കെട്ട്. ചൈനയുടെ ഉദാഹരണം ഉദ്ധരിച്ച് 'ചൈനയിലെ ജനങ്ങളെ ചൈനീസ് എന്ന് വിളിക്കുന്നതുപോലെ, നേപ്പാൾ, ഇംഗ്ലണ്ട്, കാശ്മീർ, ഇന്ത്യ എന്നിവിടങ്ങളിലെ ആളുകളെ എന്താണ് വിളിക്കുന്നത്' എന്നായിരുന്നു പിന്നാലെ വന്ന ചോദ്യങ്ങൾ. അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ വിദ്യാർത്ഥികളോടാണ് ഈ ചോദ്യം ചോദിച്ചത് എന്നാണ് ആരോപണം.
"ഞങ്ങൾക്ക് ഈ ചോദ്യപേപ്പർ ബീഹാർ വിദ്യാഭ്യാസ ബോർഡിൽ നിന്ന് ലഭിച്ചതാണ്. കശ്മീരിലെ ജനങ്ങളെ എന്താണ് വിളിക്കുന്നതെന്ന് ചോദിക്കേണ്ടതായിരുന്നു. പക്ഷേ, അത് കാശ്മീർ രാജ്യത്തെ ആളുകളെ എന്താണ് വിളിക്കുന്നത് എന്ന് തെറ്റായി ചോദിച്ചിരിക്കുന്നു". അധ്യാപകരിലൊരാൾ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുഭാഷ് കുമാർ ഗുപ്ത വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. അതേസമയം, സംഭവം ഗൂഢാലോചനയാണെന്ന് ആരോപിച്ച് വിദ്യാഭ്യാസ പ്രവർത്തകരും ബിജെപി നേതാക്കളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാർ ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ തന്റെ സോഷ്യൽ മീഡിയയിൽ ചോദ്യപേപ്പറിന്റെ ചിത്രം പങ്കുവെച്ചു. "... കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് അവർ കരുതുന്നു എന്ന എന്റെ ആശങ്കയെക്കുറിച്ച് ബീഹാർ സർക്കാർ ഇപ്പോഴും നിശബ്ദത പാലിക്കുന്നു. ഈ ചോദ്യം തന്നെ കശ്മീരിനെ നേപ്പാൾ, ഇംഗ്ലണ്ട്, ചൈന, ഇന്ത്യ എന്നിങ്ങനെ വ്യത്യസ്ത രാജ്യമായി കണക്കാക്കുന്നു എന്ന് വാദിക്കുന്നു." അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ഹിന്ദിയിൽ കുറിച്ചു. പ്രധാനമന്ത്രിയാകാനുള്ള ആഗ്രഹത്തിൽ നിതീഷ് കുമാർ തിരക്കിലാണ്, അവർ കുട്ടികളിൽ ദേശവിരുദ്ധ ചോദ്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also: 'ഇന്ത്യൻ യുവതികളെ വിവാഹം ചെയ്യും, പിന്നെ കാരിയർമാരാക്കും'; ലഹരിക്കടത്തിന് പുതുവഴി തേടി വിദേശ മാഫിയ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam