
ദില്ലി: 1990-ൽ കശ്മീരി പണ്ഡിറ്റ് വിഭാഗത്തിലെ യുവതിയായ നഴ്സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ജമ്മു കശ്മീർ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐഎ) ചൊവ്വാഴ്ച മധ്യ കശ്മീരിലെ എട്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടുമായി (ജെകെഎൽഎഫ്) ബന്ധമുണ്ടായിരുന്ന ആളുകളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജെകെഎൽഎഫ് മുൻ നേതാവ് പീർ നൂറുൽ ഹഖ് ഷാ എന്ന എയർ മാർഷൽ ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് അന്വേഷണ സംഘം എത്തിയത്.
സരള ഭട്ടിന്റെ (27) കൊലപാതകത്തിൽ ലോക്കൽ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതിനെത്തുടർന്ന് അന്വേഷണം കഴിഞ്ഞ വർഷം എസ്‌ഐഎ ഏറ്റെടുത്തിരുന്നു. കൊലപാതകം നടത്താനുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചതായി ഏജൻസി അവകാശപ്പെട്ടു. ഇപ്പോൾ നടത്തിയ റെയ്ഡുകളിൽ ഇതുവരെ പ്രത്യേകിച്ചൊന്നും കണ്ടെത്തിയിട്ടില്ലെന്നും അറസ്റ്റ് നടന്നിട്ടില്ലെന്നും അന്വേഷണ ഏജൻസി അറിയിച്ചു.
സൗരയിലെ ഷേർ-ഇ-കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (SKIMS) നഴ്‌സായി ജോലി ചെയ്തിരുന്ന ഭട്ടിനെ, 1990 ഏപ്രിലിൽ കലാപം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ഹോസ്റ്റലിൽ നിന്ന് കാണാതായി. വെടിയേറ്റ നിലയിൽ അവരുടെ മൃതദേഹം ഏതാനും ദിവസങ്ങൾക്ക് ശേഷം ശ്രീനഗറിലെ റോഡരികിൽ കണ്ടെത്തി. സർക്കാർ ജോലി ഉപേക്ഷിച്ച് താഴ്‌വര വിടാൻ തീവ്രവാദികളുടെ ആഹ്വാനം നിരസിച്ചതിന് ശേഷമാണ് സരള ഭട്ട് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. 1990-ൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തിന് കാരണമായ അതിക്രമങ്ങളുടെ ഏറ്റവും ഭയാനകമായ ഓർമ്മപ്പെടുത്തലുകളിൽ ഒന്നാണ് സർള ഭട്ടിന്റെ കൊലപാതകമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ എക്‌സിൽ എഴുതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam