'ബോണറ്റിൽ മോഡിഫിക്കേഷൻ വരുത്തിയ എസ്‍യുവി', തുംകുരു കൊലപാതകത്തിൽ ദന്തഡോക്ടർ കുടുങ്ങിയത് ഇങ്ങനെ

Published : Aug 12, 2025, 02:20 PM IST
Tumakuru Murder

Synopsis

മാസങ്ങൾ നീണ്ട പദ്ധതിക്കൊടുവിൽ നടന്ന കൊലപാതകമാണ് വാഹനത്തിലെ മോഡിഫിക്കേഷനെ പിന്തുട‍ർന്ന് നടത്തിയ അന്വേഷണത്തിൽ തെളി‌ഞ്ഞത്.

തുംകുരു: കർണാടക തുംകുരുവിൽ 42കാരിയുടെ കൊലപാതകത്തിൽ ദന്ത ഡോക്ടറെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ. മാസങ്ങൾ നീണ്ട പദ്ധതി തയ്യാറാക്കിയാണ് അമ്മായിഅമ്മയെ ഡോക്ടർ കൂടിയായ മരുമകൻ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൃതദേഹം കണ്ടത്തിയ മേഖലയിൽ എല്ലാം കണ്ട എസ്‍യുവിയാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. എസ്‍യുവിയുടെ നമ്പർ വ്യാജമാണെന്ന് കൂടി വ്യക്തമായതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. എസ്‍യുവിയിലെ ബോണറ്റിലെ മോഡിഫിക്കേഷനാണ് വാഹനം തിരിച്ചറിയാൻ പൊലീസുകാ‍ർക്ക് സഹായകമായത്. 42കാരിയുടെ മകളുടെ വീടുള്ള മേഖലയായ ഉർദിഗെരെയിലെ സതീഷ് എന്ന കർഷകനിലേക്ക് അങ്ങനെയാണ് പൊലീസ് അന്വേഷണം എത്തിയത്. പൊലീസ് അന്വേഷണത്തിൽ ഓഗസ്റ്റ് 3നും നാലിനും സതീഷിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇതേസമയം എസ്‍യുവി ഇയാളുടെ തോട്ടത്തിലുണ്ടായിരുന്നത് ആളുകൾ ശ്രദ്ധിച്ചിരുന്നു. പിന്നീട് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്‍യുവി ആറ് മാസം മുൻപ് കൊല്ലപ്പെട്ട 42കാരിയുടെ മരുമകൻ സതീഷിന്റെ പേരിൽ വാങ്ങിയതാണെന്ന് വ്യക്തമായത്. അമ്മായിഅമ്മ തന്റെ വിവാഹ ജീവിതത്തിൽ ഇടപെടുന്നതിലുള്ള പക ദന്തഡോക്ടർ കൂടിയായ രാമചന്ദ്രപ്പ സൂക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ നേരത്തെ തന്നെ അമ്മായി അമ്മയ്ക്ക് സ്വഭാവദൂഷ്യമുള്ളതായി ഇയാൾ ആരോപിച്ചിരുന്നു.

സതീഷിനും തന്റെ സഹായിയായ കിരണിനും നാല് ലക്ഷം രൂപയാണ് കൊലപാതകത്തിന് സഹായിച്ചാൽ പാരിതോഷികമായി ദന്ത‍ഡോക്ടർ വാഗ്ദാനം ചെയ്തത്. ഇതിനായി അരലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 3ന് 42 കാരി മകൾ തേജസ്വിയെ കണ്ട ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾ എസ്‍യുവിയിൽ എത്തിയ ദന്തഡോക്ടർ ഇവരെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി. സതീഷും കിരണും കാറിലുണ്ടായിരുന്നു. ഇവർ 42കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ സതീഷിന്റെ തോട്ടത്തിലെത്തിച്ച് ദന്തഡോക്ടറുടെ സഹായത്തോടെ മൃതദേഹം 19 ഭാഗങ്ങളായി മുറിച്ചു. ഇതിന് ശേഷം ഇതേ എസ്‍യുവിൽ പലയിടങ്ങളിലായി മൃതദേഹ ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.

തുംകുരുവിലെ ബെല്ലാവി സ്വദേശിയായ ലക്ഷ്മിദേവമ്മയുടെ മൃതദേഹഭാഗങ്ങൾ പത്തിടങ്ങളിൽ നിന്നായി കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവും ദന്ത ഡോക്ടറുമായ ഡോ. രാമചന്ദ്രപ്പ എസ്, രണ്ട് സഹായികൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ഏഴിന് തെരുവുനായ മനുഷ്യന്റെ കയ്യുമായി പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് പത്തിടങ്ങളിൽ നിന്നായി 42കാരിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. അറസ്റ്റിലായ മൂന്ന് പേരും തുംകുരു സ്വദേശികളാണ്. കൊലപാതകത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അടക്കമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോമീറ്റ‍ർ പരിധിയിൽ പത്തിടങ്ങളിൽ നിന്നായാണ് മനുഷ്യ ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കണ്ടെത്തിയത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്കും നെഗലാലിനും ഇടയിലുള്ള റോഡിന് സമീപത്തുനിന്ന് രണ്ട് ബാഗുകളിലായാണ് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സിദ്ധാരബെട്ടയ്ക്ക് സമീപത്തുനിന്നും സ്ത്രീയുടെ വെട്ടിമാറ്റിയ തലയും കണ്ടെടുത്തു. കൊരട്ടഗരെ, കൊളാല പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പത്തിടങ്ങളിൽ നിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സം​ഗ കേസ്: കുൽദീപ് സെൻ​ഗാറിന് തിരിച്ചടി; ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ
വികസിത ഭാരതം ലക്ഷ്യം: രാജ്യത്തെ നയിക്കുക ജെൻസിയും, ആൽഫ ജനറേഷനുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി