
ലഖ്നൗ: മൂന്ന് വർഷത്തോളമായി തിരഞ്ഞിരുന്ന യുവതിയെ കാമുകന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി യുപി പൊലീസ്. ഭർത്താവിനൊപ്പം കഴിയവേയാണ് ഗോണ്ട സ്വദേശിനിയായ കവിത (23)യെ മൂന്ന് വര്‍ഷം മുമ്പ് കാണാതായത്. ദാദുവ ബസാർ സ്വദേശിയായ വിനയ് കുമാറും കവിതയും തമ്മിലുള്ള വിവാഹം 2017 നവംബർ 17നാണ് കഴിഞ്ഞത്. 2021 മെയ് അഞ്ചിന് കവിതയെ കാണാതായി. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നാണ് കവിതയെ കാണാതായത്.
ഇതോടെ ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്നങ്ങളായി. കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും പരസ്പരം കേസുകൾ ഫയല്‍ ചെയ്യുകയും ചെയ്തു. കവിതയുടെ കുടുംബം വിനയ് കുമാറിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നുവെന്ന് ഗോണ്ടയിലെ പൊലീസ് സൂപ്രണ്ട് (എസ്പി) വിനീത് ജയ്‌സ്വാൾ പറഞ്ഞു. എന്നാല്‍, വ്യാപക തെരച്ചിൽ നടത്തിയിട്ടും കവിത എവിടെയാണെന്ന് മാത്രം കണ്ടെത്താനായില്ല.
2022 ഡിസംബറിൽ കവിതയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ഭർത്താവ് വിനയ് കുമാര്‍ നല്‍കിയ പരാതിയില്‍ കവിതയുടെ സഹോദരൻ അഖിലേഷ് ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിരുന്നു. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. പക്ഷേ കവിതയെ കുറിച്ചുള്ള ഒരു വിവരം ലഭിച്ചിരുന്നില്ല. കേസ് ഹൈക്കോടതയില്‍ എത്തിയതോടെ പൊലീസ് നടപടികൾ കോടതി തേടി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കവിതയെ കാമുകൻ സത്യ നാരായൺ ഗുപ്തയുടെ ലഖ്‌നൗവിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
സത്യ നാരായൺ ഗോണ്ടയിലെ ദുർജൻപൂർ മാർക്കറ്റിൽ ഒരു കട നടത്തിയിരുന്നു. കവിത ഇവിടെ സ്ഥിരം എത്താറുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ പ്രണയത്തിലായതും പിന്നീട് ഒളിച്ചോടിയതെന്നും എസ്പി പറഞ്ഞു. ലഖ്‌നൗവിലേക്ക് പോകുന്നതിന് മുമ്പ് താൻ കാമുകനൊപ്പം ഒരു വർഷത്തോളം അയോധ്യയിൽ താമസിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ കവിത പറഞ്ഞു. കവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി കോടതിയിൽ ഹാജരാക്കുമെന്നും വിനീത് ജയ്‌സ്വാൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam