
മുബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന്‍റെ നേതൃത്വത്തിൽ രാഷ്ട്രീയ നീക്കമെന്ന അഭ്യൂഹം ശക്തമായതോടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടിയന്തര കൂടിക്കാഴ്ചകൾക്കായി സംസ്ഥാനത്തെത്തി. അജിത് പവാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻ സി പിയുടെ എം എൽ എമാർ കൂറുമാറുമെന്ന അഭ്യൂഹം ശക്തമായതോടെയാണ് കെ സി മുംബൈയിലെത്തിയത്. രാത്രി 8 മണിയോടെ മുംബൈയിലെത്തിയ വേണുഗോപാൽ മാതോശ്രീയിലെത്തി ഉദ്ദവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.
എന്നാൽ ഉദ്ദവുമായി ചർച്ച കഴിഞ്ഞിറങ്ങിയ കെ സി വേണുഗോപാൽ മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. മോദി സർക്കാരിനെതിരായ പ്രതിപക്ഷ ഐക്യത്തെ കുറിച്ചാണ് ചർച്ച ചെയ്തതെന്നാണ് വേണുഗോപാൽ പറഞ്ഞത്. പ്രതിപക്ഷ ഐക്യ നീക്കത്തിലേക്ക് ഉദ്ദവവ് തക്കറെയെ ക്ഷണിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി മുംബൈയിലേക്കില്ലെന്നും ദില്ലിയിൽ സോണിയ ഗാന്ധിയുമായുള്ള ചർച്ചയിൽ രാഹുലും ഒപ്പം ഉണ്ടാകുമെന്നും കെ സി വിശദീകരിച്ചു.
നേരത്തെ അജിത് പവാർ ബി ജെ പിക്കൊപ്പം ചേർന്നേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 15 ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയില്‍ രണ്ട് പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന പ്രകാശ് അംബേദ്കറുടെ പ്രസ്താവനക്ക് പിന്നാലെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയം ചൂടുപിടിച്ചത്. എൻ സി പിയിലെ എം എൽ എമാരെ ബി ജെപി ഒപ്പം നിർത്തിയാൽ ഏക്‌നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രി കസേരയടക്കം നഷ്ടമാകുമെന്നും വിലയിരുത്തലുകളുണ്ടായിരുന്നു. എൻ സി പിയിലെ എം എൽ എമാരുമായെത്തുന്ന അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനമല്ല ഉപ മുഖ്യമന്ത്രി സ്ഥാനം ലഭിച്ചാലും അജിത് പവാറിന്‍റെ നീക്കത്തിന് പ്രസക്തിയുണ്ടാകുമെന്ന വിലയിരുത്തലുകളുമുണ്ട്. എന്തായാലും മഹാ'രാഷ്ട്രീയം' കണ്ടറിയണം.
അതേസമയം അജിത് പവാറിനെ കേന്ദ്രീകരിച്ച് ബി ജെ പി ഭരണമാറ്റത്തിന് നീക്കം നടത്തിയതായി ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് സ്ഥിരീകരിച്ചിരുന്നു. സാമ്ന പത്രത്തിലെ തന്‍റെ പ്രതിവാര കോളത്തിലൂടെയാണ് ഈ നീക്കത്തെക്കുറിച്ച് സഞ്ജയ് റാവുത്ത് അഭിപ്രായം വ്യക്തമാക്കിയത്. ഉദ്ദവും ശരദ് പവാറും ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം കോളത്തിൽ കുറിച്ചിരുന്നു. എന്‍ സി പി എന്തായാലും ബി ജെ പിയുമായി കൈകോര്‍ക്കില്ലെന്നാണ് ശരദ് പവാർ വ്യക്തമാക്കിയതെന്നും റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. കുടുംബത്തില്‍ നിന്ന് ആരെങ്കിലും മറിച്ചൊരു നീക്കത്തിന് മുതിര്‍ന്നാൽ അത് എന്‍ സി പിയുടെ തീരുമാനമായിരിക്കില്ലെന്നും അത് നടക്കില്ലെന്നും ശരദ് പവാർ പറഞ്ഞതായും റാവത്ത് കൂട്ടിച്ചേർത്തിരുന്നു.