ശക്തമായ കാറ്റിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണത്
പുനെ: ഇരുമ്പിൽ തീർത്ത പരസ്യ ബോർഡ് അപ്രതീക്ഷതമായി നിലംപതിച്ച് വൻ ദുരന്തം. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ പിംപ്രി ചിഞ്ച്‌വാഡ് ടൗൺഷിപ്പിലെ സർവീസ് റോഡിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇവിടെ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണതിന് അടിയിൽപ്പെട്ട് അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. നാല് സ്ത്രീകളടക്കമുള്ളവരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ പലരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണ് അപകടം ഉണ്ടായത്. മുംബൈ - പുണെ ഹൈവേയിൽ റാവെറ്റ് കിവാലെ ഏരിയയിലെ സർവീസ് റോഡിലായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

അതേസമയം കോട്ടയത്ത് നിന്നുള്ള മറ്റൊരു വാർത്ത മാഞ്ഞൂർ പഞ്ചായത്തിലെ മേമ്മുറിയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് വീണ് നാല് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു എന്നതാണ്. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റവരിൽ ഒരാളുടെ പരുക്ക് ഗുരുതരമാണെന്നാണ് വ്യക്തമാകുന്നത്. നാലു പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോർജ്ജ് ജോസഫ് എന്നയാളുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ ഒരു ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീണത്. തൊഴിലാളികൾ ഇതിനടയിൽ പെടുകയായിരുന്നു. നാട്ടുകാരെത്തിയാണ് നാലു തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചത്. നാലു പേർക്കും സാരമായി തന്നെ പരിക്കുകളുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേർക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചത്. എല്ലാവരും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് കെട്ടിടം ഇടിഞ്ഞുവീണതെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിർമാണത്തിലിരുന്ന വീടിന്റെ ഷെയ്ഡ് ഇടിഞ്ഞ് അപകടം; 4 തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
