
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിൽ രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണമെന്ന് ആഹ്വാനം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പശ്ചിമേഷ്യൻ സംഘർഷം മൂന്ന് മാസം പിന്നിടുമ്പോഴും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പുകൾക്കും നിസ്സാര രാഷ്ട്രീയത്തിനും മാത്രം മുൻഗണന നൽകുന്ന സർക്കാരിന്റെ പിടിപ്പുകേട് മൂലം രാജ്യം കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നീങ്ങുകയാണെന്നും, ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ ആവശ്യമായ ഇന്ധന ശേഖരം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യർത്ഥിച്ചത്. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിക്കണം എന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സ്വർണം വാങ്ങലിലും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ അഭ്യർഥിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam