
ഹൈദരാബാദ് : ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നും കെസിആർ ആരോപിച്ചു.
സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജൻറുമാർ ടിആർ എസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവര്‍ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു. നിലവിൽ കേരള എൻഡിഎ കൺവീനറാണ് തുഷാര്‍. എന്നാൽ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കാൻ തുഷാര്‍ തയ്യാറായില്ല.
തെലങ്കാനയിൽ ബിജെപിക്കെതിരെ 'ഓപ്പറേഷൻ താമര' ആരോപണം ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആര്‍ 'ഓപ്പറേഷൻ താമര' ആരോപണം ആവര്‍ത്തിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആര്‍, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
ഹൈദരാബാദിൽ പ്രത്യേക വാർത്താസമ്മേളനം വിളിച്ച കെസിആര്‍, ബിജെപി ഏജന്റുമാരുടെ ഇടപെടൽ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോൺ രേഖകളും മാധ്യമങ്ങൾക്ക് കൈമാറി. എജന്റുമാർ എംഎൽഎമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന് കെസിആര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷൻമാർക്കും ഈ തെളിവുകൾ അയച്ചുനൽകുമെന്ന് കെസിആര്‍ അറിയിച്ചു. ബിജെപി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam