
ദില്ലി: തന്‍റെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറൂകള്‍ മാത്രം ശേഷിക്കെ ഒരിക്കല്‍ കൂടി ജനങ്ങളുടെ അനുഗ്രഹം തേടി നിയുക്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഉച്ചയ്ക്ക് 12.15ന് രാം ലീല മൈതാനിയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്ലാവരും മറക്കാതെ പങ്കെടുക്കണമെന്നും കെജ്‍രിവാള്‍ രാവിലെ ട്വീറ്റ് ചെയ്തു.
തന്നെ ദില്ലിയുടെ പുത്രന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കെജ്‍രിവാളിന്‍റെ ട്വീറ്റ്. 'ദില്ലിക്കാരേ, നിങ്ങളുടെ മകന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുകയാണ്. മകനെ അനുഗ്രഹിക്കാന്‍ നിങ്ങളൊക്കെ തീര്‍ച്ചയായും എത്തണം'- കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവരായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികളെന്ന് ശനിയാഴ്ച കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ദില്ലി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയും ടെന്നീസ് താരവുമായ സുമിത് നാഗല്‍, ഓട്ടോ ഡ്രൈവറായ ലക്ഷ്മണ്‍ ചൗധരി, അധ്യാപകനായ മനു ഗുലാത്തി, കര്‍ഷകനായ ദല്‍ബീര്‍ സിംഗ് തുടങ്ങിയവരൊക്കെയാണ് ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ട വിശിഷ്ടാതിഥി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.
കെജ്‍രിവാളിനൊപ്പം ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗഗം എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാര്‍. മറ്റ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയോ ദില്ലിക്ക് പുറത്തു നിന്നുള്ള നേതാക്കളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും പ്രാദേശിക നേതാക്കള്‍ ചടങ്ങിനെത്തിയേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam