
ദില്ലി: പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ദില്ലി ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദിച്ചില്ലെന്ന കേന്ദ്ര അഭ്യന്തര മന്ത്രിയുടെയും ദില്ലി പൊലീസിന്‍റെയും വാദം പൊളിഞ്ഞുവെന്നും ജാമിയ ലൈബ്രറിയില്‍ നിന്നുള്ള പൊലീസ് നരനായാട്ടിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക പ്രതികരിച്ചു.
'ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ദില്ലി പൊലീസ് തല്ലിച്ചതക്കുന്നത്. ഒരു വിദ്യാര്‍ത്ഥി പുസ്തകം ഉയര്‍ത്തിക്കാണിച്ചിട്ടും പൊലീസ് അയാളെ ലാത്തികൊണ്ട് അടിക്കുന്നു. ലൈബ്രറിയില്‍ കയറി ആരെയും അടിച്ചിട്ടില്ലെന്ന നുണപ്രചരണമാണ് ആഭ്യന്തരമന്ത്രിയും ദില്ലി പൊലീസും നേരത്തെ നടത്തിയിരുന്നത്. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍. ജാമിയയിലെ ദൃശ്യങ്ങൾ കണ്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എങ്കിൽ സർക്കാരിന്റെ ഉദ്ദേശം ജനങ്ങൾക്ക് ബോധ്യമാകും എന്ന് പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ഡിസംബർ 15നാണ് ദില്ലി പൊലീസ് ലൈബ്രറിയില്‍ കയറി മര്‍ദ്ദിച്ചത്. എന്നാല്‍ ഇത് നിഷേധിച്ച പൊലീസ് ലൈബ്രറിയില്‍ കയറിയിട്ടില്ലെന്നാവര്‍ത്തിച്ചു. ലൈബ്രറിക്കകത്ത് കയറി പൊലീസ് വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാത്തിയുമായി ഓടിക്കയറിയ പൊലീസ് പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർത്ഥികളെ തല്ലുകയും, പുസ്കങ്ങളും മറ്റും വലിച്ചെറിയുകയും ലൈബ്രറിയിലെ വസ്തുക്കള്‍ അടിച്ച് തകര്‍ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളെയും പൊലീസ് ക്രൂരമായി തല്ലുന്നതായി കാണാം. ജാമിയയിലെ പഴയ റീഡിംഗ് ഹാളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റിയെന്ന ട്വിറ്റർ ഹാൻഡിൽ വഴി പുറത്ത് വിട്ടിരിക്കുന്നത്.
"
കൂടുതല്‍ വായിക്കാം
ജാമിയ മില്ലയിലെ പൊലീസ് അതിക്രമത്തിന്‍റെ വീഡിയോ പുറത്ത്; ദില്ലി പൊലീസ് പ്രതിരോധത്തിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam