
ദില്ലി: യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെത്തുടർന്ന് യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളും നിരോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ''യുകെയിൽ കൊറോണ വൈറസിന് പുതിയ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നു. ഇത് വേഗത്തിൽ വ്യാപിക്കുന്നതാണ്. യുകെയിൽ നിന്നുള്ള എല്ലാ വിമാനങ്ങളും നിരോധിക്കണമെന്നാണ് എനിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടാനുള്ളത് '' - കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഇതേത്തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം നിയന്ത്രണാധീതമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കെജ്രിവാളിന്റെ ആവശ്യം. നിലവിലെ കൊറോണ വൈറസിനേക്കാൾ പുതിയ വെെറസ് 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി.
ലണ്ടൻ മേഖലയിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലപ്രദമാകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. നെതര്‍ലാന്‍ഡ് യു.കെയില്‍ നിന്നുള്ള എല്ലാ പാസഞ്ചര്‍ വിമാനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോർട്ടുകൾ. രാജ്യത്ത് അതിവ്യാപന ശേഷിയുള്ള പുതിയ വൈറസിനെ കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam