
ചെന്നൈ: മദ്യനയ അഴിമതി കേസിൽ ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്ക് അനുകൂലമായ കോടതി വിധിയിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിൻ രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പണയം വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ലജ്ജ തോന്നണമെന്നും സ്റ്റാലിൻ തുറന്നടിച്ചു. കടുത്ത സമ്മർദങ്ങൾക്കിടയിലും തളരാതെ പിടിച്ചുനിന്ന അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും അഭിനന്ദിച്ച അദ്ദേഹം, ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി.
വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇന്ന് കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതി ആരോപണത്തിൽ സി ബി ഐ എടുത്ത കേസിൽ ദില്ലി റോസ് അവന്യൂ സി ബി ഐ കോടതിയാണ് ഇരുവർക്കും അനുകൂലമായ നടപടി സ്വീകരിച്ചത്. ഇവരെ തെളിവുകളില്ലാതെ കേസിൽ ഉൾപ്പെടുത്തിയതിന് സി ബി ഐയെ കോടതി രൂക്ഷമായി വിമർശിച്ചു. കൃത്യമായ തെളിവുകളോ മൊഴികളോ ഇല്ലാതെ എങ്ങനെയാണ് പ്രതി ചേർത്തതെന്ന ചോദ്യവും കോടതി ഉയർത്തി. കുറ്റപത്രത്തിൽ കുറെ കാര്യങ്ങളിൽ അവ്യക്തത വേണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും കേസിൽ നിന്ന് ഒഴിവാക്കി. സത്യം ജയിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസ് വലിയ ഗൂഢാലോചന ആയിരുന്നുവെന്ന് വ്യക്തമായിയെന്നും അദ്ദേഹം പ്രതികരിച്ചു. ദൈവത്തിന് മുകളിൽ ആർക്കും പറക്കാൻ ആകില്ലെന്ന് സുനിത കെജ്രിവാളും പ്രതികരിച്ചു.
സി ബി ഐ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും കോടതി ഇത്തരവിട്ടു. ഒന്നാം പ്രതിയാക്കി കുൽദീപ് സിംഗിനെ ചേർത്ത ഉദ്യോഗസ്ഥനെതിരെയാണ് കോടതി നടപടിക്കൊരുങ്ങുന്നത്. ഒരു കുറ്റവും പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam